ശാസ്ത്രമേളയില്‍ താരമായി കുട്ടി ഷെഫ് അതുല്യ
Monday, December 4, 2023 1:59 AM IST
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയമേളയില്‍ എക്കണോമിക്സ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് മേക്കിംഗ് മത്സരത്തില്‍ താരമായി കുട്ടി ഷെഫ് അതുല്യ എ. ശങ്കര്‍. പഴവര്‍ഗങ്ങളും കിഴങ്ങുവര്‍ഗങ്ങളും കൊണ്ട് അതുല്യ തയാറാക്കിയ വിഭവങ്ങള്‍ വീട്ടമ്മമാര്‍ക്ക് പുത്തന്‍ രൂചിക്കൂട്ടുകളായി മാറി.
മധുരക്കിഴങ്ങ്, മുളപ്പിച്ച നിലക്കടല, പുളിക്കറി, ഇല ഞാരു കറി, തേന്‍ നെല്ലിക്ക തുടങ്ങി രുചിക്കൂട്ടുകളുടെ ഒരു കലവറ തന്നെയാണ് അതുല്യയുടെ അടുക്കള. പാചകത്തില്‍ മാത്രമല്ല വിഭവങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിക്കുന്നതിലും മികവു പുലര്‍ത്തിയ മിടുക്കി തന്റെ അമ്മയില്‍ നിന്നാണു പാചകവിദ്യകള്‍ പഠിച്ചെടുത്തത്. പുത്തന്‍ വിഭവങ്ങള്‍ ക ണ്ടെത്താനാണു തനിക്കിഷ്ടമെന്നു അതുല്യ പറയുന്നു.
ഏതു കറിയാണ് ഏറ്റവും രുചികരമായി ഉണ്ടാക്കാറുള്ളതെന്ന ചോദ്യത്തിനു താന്‍ അടിപൊളിയായി ചിക്കന്‍ കറിയു ണ്ടാക്കുമെന്നാണ് അതുല്യയുടെ മറുപടി.
തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അതുല്യ എക്കണോമിക്സ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് മേക്കിംഗ് മത്സരത്തില്‍ ജില്ലയിലും ഉപജില്ലയിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. അമ്മ വിനീതയാണ് തന്റെ റോള്‍ മോഡല്‍ എന്നും അതുല്യ പറയുന്നു.