ക്ലേ മോഡലിംഗില്‍ അമല്‍ രാജിന്റെ പുലിവേട്ട
Monday, December 4, 2023 1:59 AM IST
തിരുവനന്തപുരം: ക്ലേ മോഡല്‍ മത്സരത്തില്‍ പുലിയുടെ വേട്ടയാടല്‍ രൂപം നിര്‍മിച്ച അമല്‍രാജ് കാണികളെ ഏവരെയും അതിശയിപ്പിച്ചു. പുലിയുടെ അക്രമണവും അതില്‍ കീഴ്പ്പെട്ടു പോയ ഇരയുടെ രൂപവുമായിരുന്നു അമല്‍ രാജിന്റെ സൃഷ്ടി.
പ്രവൃത്തി പരിചയമേളയില്‍ ഏവരേയും അമ്പരപ്പിച്ച അമല്‍ രാജ് രണ്ടാം ക്ലാസ് മുതലാണ് കളിമണ്ണുപയോഗിച്ച് രൂപങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. വീടിന് അടുത്തുള്ള ചൂളയില്‍ നിന്നും കളിമണ്ണ് വിലയ്ക്കു വാങ്ങിയാണ് അമല്‍ രാജ് രൂപങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചത്. അച്ഛന് രാജാജിയാണ് തന്നെ കളിമണ്ണില്‍ രൂപങ്ങള്‍ തീര്‍ക്കാന്‍ പഠിപ്പിച്ചതെന്നും അമല്‍ രാജ് പറയുന്നു.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ പഠിക്കുന്ന അമലിന്റെ ചേട്ടന് അഖില്‍ രാജിന്റെയും ഗുരു പിതാവ് തന്നെ. കിളിമാനൂര്‍ മോഡല്‍ ഹയര്‍ സെക്കഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമല്‍ രാജ് കളിമണ്ണു കൊണ്ടു സസൂക്ഷമം ഏതു രൂപവും എളുപ്പത്തില്‍ തയാറാക്കും. ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന ചേട്ടനാണു തനിക്കിപ്പോള്‍ പുതിയ ആശയങ്ങള്‍ പറഞ്ഞു തരുന്നതെന്നും അമല്‍ പറയുന്നു.
ഇപ്പോള്‍ കളിമണ്ണ് പൈസ കൊടുത്ത് വാങ്ങാറില്ല കൈയ്യിലുള്ള മണ്ണില്‍ ആവര്‍ത്തിച്ച് വ്യത്യസ്ത രൂപങ്ങള്‍ ഉണ്ടാക്കി പഠിക്കുകയാണ് അമല്‍ ചെയ്യുന്നത്. കൃത്യതയോടെ രൂപങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചതുമുതലാണ് അമല്‍ രാജ് ശാസ്ത്രമേളകളില് സജീവമായി പങ്കെടുത്തു തുടങ്ങിയത്.