ഡോ. എം. കുഞ്ഞാമൻ അന്തരിച്ചു
Monday, December 4, 2023 1:36 AM IST
തിരുവനന്തപുരം: പ്രമുഖ സാന്പത്തിക വിദഗ്ധനും അധ്യാപകനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ (74) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ സുഹൃത്തുക്കളിൽ ചിലർ വീട്ടിലെത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതെ വന്നതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ രോഹിണി ചികിത്സാർഥം നിലന്പൂരിലേക്ക് പോയിരിക്കുകയായിരുന്നതിനാൽ കുഞ്ഞാമൻ ഒറ്റയ്ക്കായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. ഏക മകൾ വിദേശത്താണ്.
1979 ൽ കേരള സർവകലാശാലയിൽ സാന്പത്തികശാസ്ത്ര വിഭാഗത്തിൽ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പ്രഫസറായിരിക്കേ കേരള സർവകലാശാലയിൽനിന്ന് രാജിവെച്ച് 2006-ൽ മഹാരാഷ്ട്രയിൽ തുൽജാപ്പൂരിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായി ചേർന്നു.
എംജി സർവകലാശാലയിലെ നെൽസണ്‍ മണ്ടേല ചെയർ പ്രഫസറായിരുന്നു. ദളിത് ജീവിതത്തിന്റെ നേർക്കാഴ്ചയായ, കുഞ്ഞാമന്റെ ’എതിര്’ എന്ന ജീവചരിത്രം 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അദ്ദേഹം അവാർഡ് നിരസിച്ചു.
ഡവലപ്പമെന്റ് ഓഫ് ട്രൈബൽ എക്കണോമി, സ്റ്റേറ്റ് ലെവൽ പ്ലാനിംഗ് ഇൻ ഇന്ത്യ, ഗ്ലോബലൈസേഷൻ: എ സബാൾട്ടേണ്‍ പേഴ്സപെക്ടീവ്, കേരളത്തിലെ വികസന പ്രതിസന്ധി തുടങ്ങിയവയാണ് പ്രധാന കൃതികൾ.