കരുവന്നൂര്‍ തട്ടിപ്പ്: എം.എം. വര്‍ഗീസിനെ നാളെ ചോദ്യം ചെയ്യും
Monday, December 4, 2023 1:36 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എം. വര്‍ഗീസിനെ മൂന്നാമതും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്കി. കൊച്ചി ഓഫിസില്‍ നാളെ ഹാജരാകാനാണ് നിര്‍ദേശം.
അന്വേഷണത്തോട് നിസഹകരണം തുടരുന്ന വര്ഗീസില്നിന്നു പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് സിപിഎം പ്രാദേശിക നേതാക്കളെയും ആവശ്യമെങ്കില്‍ പാര്‍ട്ടിയിലെ ഉന്നതരെയും ചോദ്യം ചെയ്യാനാണ് നിലവില്‍ ഇഡിയുടെ നീക്കം.
ജില്ലാ കമ്മിറ്റിയുടെ അറിവോടെ ബാങ്കില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിക്ക് രണ്ട് അക്കൗണ്ടുകളുണ്ടെന്ന സാക്ഷിമൊഴി വര്‍ഗീസില്‍നിന്ന് സ്ഥിരീകരിക്കാനാണ് ഇഡിയുടെ ശ്രമം.
ബാങ്കില്‍നിന്ന് അനധികൃതമായി വായ്പ ലഭിക്കുന്നവര്‍ പാര്‍ട്ടിക്കു കമ്മീഷന് നല്‍കിയിരുന്നതായും സാക്ഷിമൊഴിയുണ്ട്.
കേസിലെ ചില പ്രതികളും ഇതേ മൊഴി ആവര്‍ത്തിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍നിന്നു ബിനാമി വായ്പകള്‍ അനുവദിക്കാന്‍ പാര്‍ട്ടിയുടെ രണ്ട് ഉപസമിതികള്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇഡിക്കു മൊഴി ലഭിച്ചിരുന്നു. ഇക്കാര്യം ഇഡി വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്.