എൻസിപി കേരളത്തിൽ എൽഡിഎഫിൽ തുടരും: എൻ.എ. മുഹമ്മദ് കുട്ടി
Monday, December 4, 2023 1:36 AM IST
കളമശേരി: എൻസിപി സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റതു മുതൽ പി.സി. ചാക്കോ, എൽഡിഎഫിന് തള്ളാനും കൊള്ളാനും കഴിയാത്ത ആളായി മാറിയെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ അജിത് പവാർ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെ അഴിമതിരഹിത ഭരണത്തെ പ്രസിഡന്റ് ചാക്കോ കളങ്കപ്പെടുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ദേശീയതലത്തിൽ എൻഡിഎ സംഖ്യത്തിലും കേരളത്തിൽ എൽഡിഎഫിലും തുടരും.
അന്തരിച്ച എൻസിപി പ്രസിഡന്റ് സിറിയക് ജോണിന് അനുശോചനം രേഖപ്പെടുത്തി. പാർട്ടി 14 ജില്ലകളിലും ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ തൃശൂരിൽ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തിൽ അജിത് പവാറും പ്രഫുൽ പട്ടേലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.