കെ-ഫോൺ സ്കൂളിന്റെ പരിധിക്ക് പുറത്ത്
Monday, December 4, 2023 1:36 AM IST
ദീപു മറ്റപ്പള്ളി
കണ്ണൂർ: അധ്യയന വർഷത്തിന്റെ രണ്ടാം ഭാഗം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സ്കൂളുകളിലെ ഇന്റർനെറ്റിന്റെ കാര്യത്തിൽ ‘ഉള്ളതും പോയി പുതിയത് കിട്ടിയതുമില്ല’എന്ന അവസ്ഥയാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ 4752 സ്കൂളുകളിലാണ് ഇന്റർനെറ്റ് കിട്ടാതെ അധ്യാപകരും വിദ്യാർഥികളും വലയുന്നത്.
കഴിഞ്ഞ അധ്യയന വർഷം വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബിഎസ്എൻഎൽ നെറ്റാണ് സ്കൂളുകളിൽ ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ സർക്കാർ ഈ വർഷം മുതൽ സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ-ഫോൺ ഉപയോഗിക്കണമെന്ന് നിർദേശിക്കുകയും കിഫ്ബി ഫണ്ട് ബിഎസ്എൻഎലിന് നല്കിയിരുന്നത് നിർത്തലാക്കുകയും ചെയ്തു.
1500ഓളം സ്കൂളുകളിൽ മാത്രമാണ് ഇതുവരെ പൂർണമായ തോതിൽ കെ-ഫോണിന് ഇന്റർനെറ്റ് നല്കാനായത്. ബാക്കിവരുന്ന സ്കൂളുകളിൽ പകുതിയെണ്ണത്തിലും കേബിൾ പോലും വലിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം. ഹയർ സെക്കൻഡറി, ഹൈസ്കൂളുകളിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കുമെന്ന് സർക്കാർ വാതോരാതെ പറയുന്പോഴാണ് പകുതിയിടങ്ങളിൽ പോലും ഇന്റർനെറ്റ് ലഭ്യമാക്കാതിരിക്കുന്നത്.
സെപ്റ്റംബർ അവസാനത്തോടെ എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് കെ-ഫോൺ അധികൃതർ നല്കിയ ഉറപ്പാണ് പാഴായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കാലതാമസമാണ് കണക്ഷൻ എത്തിക്കാൻ കാലതാമസമുണ്ടാകുന്നതെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം.
എൽപി, യുപി സ്കൂളുകളുടെ സ്ഥിതി മറിച്ചല്ല. ഉയർന്ന ക്ലാസുകളുടെ അത്രയും ഉപയോഗം ഇല്ലാത്തത് അധ്യാപകർക്ക് അല്പം ആശ്വാസം നല്കുന്നു. നേരത്തേ കൈറ്റും ബിഎസ്എൻഎലും ചേർന്ന് 11,800 രൂപയുടെ വാർഷിക നിരക്കും എൽപി, യുപികൾക്ക് 5000 രൂപയുടെ പാക്കേജുമായിരുന്നു നല്കിയിരുന്നത്.100 എംബിപിഎസ് വേഗതയായിരുന്നു ഉണ്ടായിരുന്നത്. കെഫോൺ ആകട്ടെ ഇത് ആദ്യം 10 എംബിപിഎസും പിന്നീട് പരാതികളെ തുടർന്ന് 100എംബിപിഎസുമാക്കുകയായിരുന്നു.
ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് പിടിഎ ഫണ്ട് ഉപയോഗപ്പെടുത്തി ബിഎസ്എൻഎല്ലിനെ ആശ്രയിക്കുകയോ സ്വന്തം മൊബൈൽ ഫോണിലെ ഡേറ്റ ഉപയോഗപ്പെടുത്തി പഠനം തുടരുകയോ ആണ് അധ്യാപകരുടെ പണി.