പ്രപഞ്ചത്തിന്റെ സ്പന്ദനം കണക്കിൽ തന്നെ!
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: പ്രപഞ്ചത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പലപ്പോഴും പറയാറുണ്ടെങ്കിലും അതു തെളിയിക്കുന്നതായിരുന്നു ഇന്നലെ നടന്ന ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്രമേള.
പട്ടം ഗവണ്മെന്റ് മോഡൽ എച്ച്എസ്എസ് ഫോർ ഗേൾസിൽ രാവിലെ ഒന്പതരയോടെ ആരംഭിച്ച ഗണിതശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളിൽ നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്.
തത്സമയ നിർമാണ മത്സരങ്ങൾ, സിംഗിൾ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, മാഗസിൻ, ടീച്ചിംഗ് എയ്ഡ് എന്നീ വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ നടന്ന മത്സരത്തിൽ 500ഓളം വിദ്യാർഥികൾ പങ്കെടുത്തു.
നിത്യജീവിതത്തിൽ പരിചിതമായ ഓരോ വസ്തുക്കളിലെയും ഗണിതത്തിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു പല മാതൃകകളും. വീട്, കസേര, ടീപോയ്, ഈഫൽ ടവർ തുടങ്ങി വിത്യസ്ത മാതൃകകളിൽ ഒളിഞ്ഞിരിക്കുന്ന ഗണിതത്തെ വെളിപ്പെടുത്തുന്ന നിർമാണങ്ങൾ കാഴ്ചക്കാരിലും കൗതുകമുണർത്തി.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മൂന്നാം ദിവസം നടന്ന ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്രമേളയിലെ വിദ്യാർഥികളുടെ കണ്ടെത്തലുകൾ ഭാവിയിലേക്കുള്ള ശുഭസൂചന കൂടിയായി എന്നു പറയാം.
വിധി നിർണയത്തിൽ തർക്കം
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവം പ്രവൃത്തിപരിചയ മേളയിലെ വിധിനിർണയം സംബന്ധിച്ച് രക്ഷിതാക്കളും സംഘാടകരും തമ്മിൽ തർക്കം.
ഇന്നലെ പട്ടം സെന്റ് മേരീസ് സ്കൂളിൽ നടന്ന പേപ്പർ ക്രാഫ്റ്റ് മത്സരത്തിന്റെ വിധിനിർണയം പൂർത്തിയാകും മുൻപേ ഫലം നെറ്റിൽ ലഭ്യമായെന്ന പരാതിയുമായി ചില മത്സരാർഥികൾ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളായത്. വിധിനിർണയം പൂർത്തിയായിട്ടില്ലെന്നു വിധികർത്താക്കൾ പറഞ്ഞതോടെ രക്ഷിതാക്കളും രംഗത്തെത്തി.
ഫലം വന്ന സ്ഥിതിക്ക് രാവിലെ ഏഴു മുതൽ മത്സരവേദിയിലുള്ള കുട്ടികളെ പുറത്തേക്ക് വിടണമെന്നും വിധിനിർണയം പ്രഹസനമാണെന്നും പറഞ്ഞ് രക്ഷിതാക്കൾ ബഹളംവച്ചു. ഒടുവിൽ സംഘാടകർ രക്ഷിതാക്കളെ അനുനയിപ്പിക്കുകയായിരുന്നു.
വെള്ളം കയറുന്ന സ്ഥലങ്ങളിൽ പ്രത്യേക നിർമിതിയുമായി ശ്രീപ്രിയ
തിരുവനന്തപുരം: വെള്ളം കയറുന്ന സ്ഥലങ്ങളിൽ പ്രത്യേക നിർമിതിയുടെ മാതൃകയുമായി കണ്ണൂർ കൂത്തുപറന്പ് ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ശ്രീപ്രിയ.
വെള്ളം കയറുന്ന സ്ഥലങ്ങളിൽ ട്രങ്കേറ്റഡ് ടവർ എന്ന സങ്കൽപ്പത്തിലുള്ളതാണ് ശ്രീപ്രിയയുടെ മാതൃക. കണ്ണൂർ കൂത്തുപറന്പ് വെങ്ങാട് സ്വദേശിയാണെങ്കിലും തീരദേശത്തിന് അനുകൂലമായ രീതിയിലുള്ള ഈ ടവറിന് ഏറെ ഗുണമുണ്ടെന്നാണ് ശ്രീപ്രിയ പറയുന്നത്.
വേലിയിറക്ക സമയത്ത് ധർമടം തുരുത്തിലൂടെ നടക്കാമെങ്കിലും വേലിയേറ്റ സമയത്ത് അതിന് സാധിക്കില്ല. ഇതാണ് തന്റെ മാതൃകയ്ക്ക് അനുകൂല സാഹചര്യമായി ശ്രീപ്രിയ കാണുന്നത്.
പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസകേന്ദ്രമായി ഉപയോഗിക്കാമെന്ന പ്രത്യേകതയും ശ്രീപ്രിയയുടെ മാതൃകയ്ക്കുണ്ട്. മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് ബലക്കൂടുതലും കുറഞ്ഞ ചെലവും ഇതിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ശാസ്ത്ര മേളയിലും ഇതേ മാതൃകയുമായി എത്തിയ ശ്രീപ്രിയയ്ക്ക് എ ഗ്രേഡുണ്ടായിരുന്നു. ഇത്തവണയും എ ഗ്രേഡ് നേടിയ ഈ മിടുക്കി തന്റെ നേട്ടത്തിന്റെ മുഴുവൻ ക്രഡിറ്റും സ്വന്തം ടീച്ചർ സോഹിണിക്കാണ് നൽകുന്നത്.
10-ാം ക്ലാസു വരെ ശാസ്ത്രമേളയെക്കുറിച്ചു കേട്ടിട്ടില്ലാത്ത തന്നെയും തന്റെ കൂട്ടുകാരെയും ഇതെല്ലാം പഠിപ്പിച്ച ടീച്ചർക്ക് ശ്രീപ്രിയ നൽകുന്ന ഗുരുദക്ഷിണ കൂടിയാണ് ഈ എ ഗ്രേഡ്. ഓട്ടോ ഡ്രൈവറായ അച്ഛൻ പ്രസാദും അമ്മ പ്രവീണയും പത്താം ക്ലാസ് വിദ്യാർഥിയായ അനിയൻ ശ്രീദേവും ശ്രീപ്രിയയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
കിടപ്പുരോഗികൾക്കായി ഒരു കുട്ടി കണ്ടുപിടിത്തം
തിരുവനന്തപുരം: കിടപ്പു രോഗികൾക്കായി സംസ്ഥാന ശാസ്ത്രമേളയിൽ ഒരു കുട്ടി കണ്ടുപിടിത്തം. കൈ വിരലുകൾ മാത്രം ചലിപ്പിക്കുന്ന കിടപ്പുരോഗികൾക്കു സഹായകമാകുന്ന തരത്തിലുള്ള ഒരു കണ്ടുപിടിത്തവുമായാണ് ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്ര വർക്കിംഗ് മോഡൽ മത്സരത്തിൽ കൊല്ലം പൂവറ്റൂർ ഡിവി എൻഎസ്എസ് എച്ച്എസ്എസിലെ ആർ. ഗോവിന്ദും വൈഷ്ണവ് സുരേഷും എത്തിയത്.
കിടപ്പിലായ രോഗികൾക്ക് ധരിക്കാൻ കഴിയുന്ന സ്വാർ-സൈൻ ടു വോയ്സ് ഓട്ടോമാറ്റിക് റെക്കഗ്നൈസർ ആണ് ഇവർ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചത്.
വിരലുകൾ ചലിപ്പിച്ച് രോഗിക്ക് ശുശ്രൂഷകരുമായി ആശയവിനിമയം നടത്താമെന്നതാണ് ഈ കൈയുറയുടെ പ്രത്യേകത. സന്ദേശങ്ങൾ ശുശ്രൂഷകരുടെ ഫോണിലെ ആപ്പിൽ സന്ദേശമായെത്തുന്നതാണ് രീതി. തങ്ങളുടെ കണ്ടുപിടിത്തം നിരവധി പേർക്ക് ഉപയോഗപ്പെടുമെന്ന് ഈ വിദ്യാർഥികൾ പറയുന്നു.