കണക്കുപിഴയ്ക്കാതെ ആദിത്യയുടെ ഈഫൽ ടവർ
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: വിധികർത്താക്കൾ നൽകിയ കണക്കുകൾ പിഴയ്ക്കാതെ എം. ആദിത്യ നിർമിച്ച ഈഫൽ ടവർ മാത്സ് സ്റ്റിൽ മോഡലിൽ ശ്രദ്ധേയമായി.
ഗണിതശാസ്ത്ര മേള അരങ്ങേറുന്ന പട്ടം ജിഎംഎച്ച്എസ്എസ് സ്കൂളിലാണ് 1.58 മീറ്റർ ഉയരം വരുന്ന ഈഫൽ ടവർ ആദിത്യ നിർമിച്ചത്. കണക്കുകൂട്ടൽ തെറ്റിയാൽ ടവറിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും. ഒരുപാടു തവണ കൂട്ടിയും കിഴിച്ചുമാണ് ടവറിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് ആദിത്യ പറയുന്നു.
കൃത്യമായ അളവിൽ മുറിച്ചെടുത്ത ത്രികോണങ്ങളിലാണ് ടവറിന്റെ നിർമാണം പുരോഗമിക്കുന്നത്. പത്തനംതിട്ട ഗവ. എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആദിത്യയുടെ കണക്കുകൾ അങ്ങനെ പെട്ടെന്ന് പിഴയ്ക്കുന്നതല്ല. ജില്ലാ ശാസ്ത്രമേളയിൽ മാത്സ് സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദിത്യ പുതിയ കണ്ടുപിടിത്തങ്ങളുടെ തയാറെടുപ്പിലാണ്.