സർക്കാരിനെ അവഗണിച്ചു സെനറ്റ് പ്രതിനിധികളെ നിശ്ചയിച്ച് ഗവർണർ
Saturday, December 2, 2023 2:10 AM IST
തിരുവനന്തപുരം: സർക്കാർ ശിപാർശ തേടാതെ കേരള സർവകലാശാലാ സെനറ്റിലേക്കു ചാൻസലറുടെ പ്രതിനിധികളെ നാമനിർദേശം ചെയ്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല സർക്കാർ ശിപാർശയില്ലാതെ നൽകിയതിനു പിന്നാലെയാണു കേരള സർവകലാശാലയിലും ഗവർണറുടെ നടപടി. സുപ്രീംകോടതി വിധിക്കു പിന്നാലെ ചാൻസലർ എന്ന നിലയിലുള്ള അധികാരം പ്രയോഗിച്ചാണു ഗവർണറുടെ നടപടി.
കേരള സർവകലാശാലാ സെനറ്റിലേക്കുള്ള ചാൻസലറുടെ പ്രതിനിധികളായി 17 പേരെ സ്വന്തം നിലയിൽ ഗവർണർ നാമനിർദേശം ചെയ്യുകയായിരുന്നു. ഇതിൽ ബിജെപി അനുഭാവികളായ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേരള സർവകലാശാലാ സിൻഡിക്കറ്റിൽ ബിജെപി അംഗങ്ങൾ എത്താൻ സാധ്യത തെളിഞ്ഞു.
കേരള സെനറ്റിലേക്ക് ചാൻസലറുടെ പ്രതിനിധികളായി നിയമിക്കാൻ വിസി മോഹനൻ കുന്നുമ്മൽ സമർപ്പിച്ച 17 പേരുടെ പട്ടികയിലെ രണ്ടു പേർ ഒഴികെ മുഴുവൻ പേരെയും ഗവർണർ സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു.
ബിജെപി നേതൃത്വം നൽകിയ പേരുകളും പട്ടികയിലുണ്ടെന്നാണു വിവരം. മുൻപ് കാലിക്കറ്റ് സർവകലാശാലയിൽ വിസി സമർപ്പിച്ച പട്ടികയിലെ 18 പേരിൽ രണ്ടു പേർ ഒഴികെ മുഴുവൻ പേരെയും ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം ചെയ്തിരുന്നു.