ഗുഡ്സ് വാഹനങ്ങൾക്കും ഓൺലൈൻ പെർമിറ്റ്
Saturday, December 2, 2023 1:08 AM IST
കണ്ണൂർ: കേരള പെർമിറ്റുള്ള ഗുഡ്സ് വാഹനങ്ങൾക്ക് തമിഴ്നാട്ടിലേക്ക് ഓട്ടം പോകാനുള്ള താത്കാലിക പെർമിറ്റ് ഇനി ഓൺലൈനിൽ എടുക്കാം. ഇതോടെ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകൾ ആവശ്യമില്ലാതായി.
തമിഴ്നാട്ടിലേക്കു പോകാൻ ഒരു മാസത്തേക്ക് അല്ലെങ്കിൽ ഏഴുദിവസത്തേക്ക് താത്കാലിക പെർമിറ്റ് എടുത്തിരുന്നത് ആർടി ഓഫീസിൽനിന്നോ ചെക്ക് പോസ്റ്റിൽ നിന്നോ ഫീസടച്ചായിരുന്നു. എന്നാൽ, തമിഴ്നാട് സർക്കാർ താത്കാലിക പെർമിറ്റ് ഇന്നലെമുതൽ ഓൺലൈനാക്കി.
വാഹൻ ചെക്ക് പോസ്റ്റ് മൊഡ്യൂളിൽ എന്റർ ചെയ്ത് വാഹന ഉടമകൾ ഓൺലൈനിൽ പെർമിറ്റ് എടുത്താൽ മതി. ആളുകൾ കയറി പോകുന്ന വാഹനങ്ങൾക്ക് നൽകുന്ന സ്പെഷൽ പെർമിറ്റ് നേരത്തെതന്നെ ഓൺലൈനിലാക്കിയിരുന്നു.
2021 ൽ മോട്ടോർ വാഹനചെക്ക് പോസ്റ്റുകൾ അടച്ചുപൂട്ടാൻ കേന്ദ്രം നിർദേശിച്ചിരുന്നുവെങ്കിലും കേരളം തുടരുകയായിരുന്നു. എന്നാൽ, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകൾ അടച്ചുപൂട്ടാൻ ഗതാഗത വകുപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല.