ലൈസൻസ്, ആർസി പ്രിന്റിംഗ് വീണ്ടും നിലച്ചു
Saturday, December 2, 2023 1:08 AM IST
റെനീഷ് മാത്യു
കണ്ണൂർ: ലൈസൻസ്, ആർസി എന്നിവയുടെ പ്രിന്റിംഗ് വീണ്ടും നിർത്തിവച്ചു. ലൈസൻസ് നിർമിക്കാനുള്ള പിവിസി മെറ്റീരിയൽ വിതരണം ചെയ്യുന്നവർക്കു പണം കൊടുക്കാതായതോടെയാണ് അവർ വിതരണം നിർത്തിയത്.
ഇതോടെ ലൈസൻസ്, ആർസി പ്രിന്റിംഗ് നിർത്തിവച്ചിരിക്കുകയാണ്. നേരത്തേ തപാൽ വകുപ്പിനു പൈസ കൊടുക്കാത്തതിനാൽ ലൈസൻസ് വിതരണം നിർത്തിയിരുന്നു. പിന്നീട്, കുടിശിക തീർത്ത് വിതരണം പുനരാരംഭിക്കുകയായിരുന്നു.
പിവിസി കാർഡുകൾ തീർന്നിട്ട് ഒരാഴ്ചയായി. നിലവിൽ നവംബർ 23 വരെയുള്ള കാർഡുകളാണ് അച്ചടി പൂർത്തിയായിരിക്കുന്നത്.
എറണാകുളത്താണു പിവിസി കാർഡ് അച്ചടിക്കുന്നത്. ഒരു ദിവസം 14,000 ലൈസൻസ് പ്രിന്റ് എടുക്കുന്നുണ്ടന്നാണ് ഒരു കേസിൽ മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. 8000 ആർസിയും പ്രന്റ് എടുക്കുന്നുണ്ട്. ഒരു ദിവസം 22,000 പ്രിന്റ് എടുക്കണം. ഒരാഴ്ച മുടങ്ങിയതിനാൽ നിലവിൽ ഏകദേശം 1,32,000 പ്രിന്റിംഗ് പെൻഡിംഗ് ആകും.
ടാക്സി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നവർക്ക് പെർമിറ്റ് എടുക്കണമെങ്കിൽ ആർസി പ്രിന്റായാൽ മാത്രമേ പെർമിറ്റിന് ഫീസടയ്ക്കാൻ സാധിക്കുകയുള്ളൂ. പെർമിറ്റ് എടുത്തുകഴിഞ്ഞാൽ മാത്രമേ വാഹനങ്ങൾ ഓടാൻ സാധിക്കൂ. ഗുഡ്സ് വാഹനങ്ങൾ, ബസ്, ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയ വാങ്ങുന്നവർക്കായിരിക്കും പ്രിന്റിംഗ് വൈകിയാല്‍ കൂടുതല്‍ ബുദ്ധിമുട്ട്.