മുൻ മന്ത്രി സിറിയക് ജോണ്‍ അന്തരിച്ചു
Friday, December 1, 2023 2:20 AM IST
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോട് കോവൂരിലെ മകന്റെ അപ്പാർട്ട്മെന്റിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ. ഇന്നു രാവിലെ 10ന് മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. കട്ടിപ്പാറ പറതൂക്കിയേൽ പരേതനായ ജോണിന്റെ മകനാണ്.
കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽനിന്നു കോണ്‍ഗ്രസ് (ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും തിരുവന്പാടിയിൽനിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.
1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായി നാലുതവണ പരാജയപ്പെടുകയും ചെയ്തു.