മോൺ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം ബിഷപ്
Friday, December 1, 2023 2:20 AM IST
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി മോൺ. അംബ്രോസ് പുത്തൻവീട്ടിലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു.
ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർഥാടനകേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു നിയുക്ത ബിഷപ്. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മേയ് ഒന്നിനു വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധികച്ചുമതലകൂടി നിർവഹിച്ചുവരികയായിരുന്നു.
മോൺ. അംബ്രോസ് കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്റെയും മകനാണ്.1967 ഓഗസ്റ്റ് 21നാണു ജനനം. സഹോദരങ്ങൾ: ഏലിയാസ് ജോപ്പൻ, മേരി, ട്രീസ, അൽഫോൻസ.
ആലുവ കാർമൽഗിരി സെമിനാരി വൈസ് റെക്ടർ, പ്രഫസർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. തത്വശാസ്ത്രപഠനവും ബിരുദ പഠനവും ബംഗളൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. തുടർന്ന് ഓസ്ട്രിയ കനീസിയാനും സെമിനാരിയിൽ ദൈവശാസ്ത്ര രൂപീകരണം പൂർത്തിയാക്കി. ഓസ്ട്രിയയിലെ ബ്രേഗൻസിൽ 1995 ജൂണ്‍ 11 ന് വൈദികപട്ടം സ്വീകരിച്ചു.