കണ്ണൂർ സർവകലാശാലാ വിസി പുനർനിയമനം റദ്ദാക്കൽ; മന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷനേതാവ്
Friday, December 1, 2023 2:20 AM IST
തൃശൂർ: കണ്ണൂർ വിസി പുനർ നിയമനകേസിൽ സുപ്രീംകോടതിയിൽനിന്ന് സർക്കാരിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു രാജിവയ്ക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
സർക്കാരിനു ശക്തമായ താക്കീതാണു കോടതിവിധി. അനാവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന ഗുരുതരമായ പരാമർശം കോടതിയിൽനിന്നു വന്നത് അതീവഗൗരവത്തോടെ കാണണം.
കേരളത്തിൽ പ്രതിപക്ഷം പറഞ്ഞത് അടിവരയിട്ടുറപ്പിക്കുന്നതാണു വിധി. യുജിസിയുടെ മാനദണ്ഡങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ടുള്ളതാണു വിസിയുടെ പുനർനിയമനം. വൈസ് ചാൻസലർ നിയമനത്തിൽ പ്രൊ ചാൻസലർകൂടിയായ വിദ്യാഭ്യാസമന്ത്രി ഇടപെടാനോ കത്തയയ്ക്കാനോ പാടില്ലായിരുന്നു. ഇവിടെ കത്തെഴുതി, നിയമലംഘനം നടത്തി, പ്രായപരിധി കഴിഞ്ഞയാൾക്കു വീണ്ടും നിയമനം കൊടുത്തു.
ഉന്നതവിദ്യാഭ്യാസമന്ത്രി ഇന്നുതന്നെ രാജിവച്ച് പുറത്തുപോകണം. സർവകലാശാലയുടെ സ്വയംഭരണാവകാശവും വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റി ആക്ടും യുജിസി മാനദണ്ഡങ്ങളും പ്രൊ ചാൻസലർതന്നെ ലംഘിച്ചിരിക്കുന്നു.
ഗവർണറും സർക്കാരും ചേർന്ന് ആളുകളെ കബളിപ്പിക്കുകയാണ്. സർക്കാരും ഗവർണറും ഒരുമിച്ചുനടത്തിയ ഗൂഢാലോചനതന്നെയാണിതെന്ന് അന്നേ പ്രതിപക്ഷം പറഞ്ഞിരുന്നുവെന്നു സതീശൻ ഓർമിപ്പിച്ചു.
ഗവർണർ സർക്കാരിന്െ സമ്മർദത്തിനു വഴങ്ങിയെന്നാണു ഞങ്ങൾ അന്നു പറഞ്ഞത്. ഗവർണർ സർക്കാരിന്റെ സമ്മർദത്തിനു കീഴടങ്ങിയെന്നാണ് ഇപ്പോൾ സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നത്.
അനാവശ്യമായി ഒരു ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കാൻ പാടില്ലാത്തതായിരുന്നു. ആ ബില്ലിന്റെ ഉള്ളടക്കത്തോടു പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിലും അകാരണമായി ബില്ലുകൾ പിടിച്ചുവച്ച നടപടിയെ ഞങ്ങൾ എതിർത്തിരുന്നു. ഗവർണറും സർക്കാരും തമ്മിൽ യാതൊരു തർക്കവുമില്ല. സർക്കാർ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ തർക്കമുണ്ടെന്നുപറഞ്ഞ് ഗവർണർ വരികയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.