മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു: ഗവർണർ
Friday, December 1, 2023 2:20 AM IST
തിരുവനന്തപുരം: ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി പുനർനിയമനം നല്കാൻ സമ്മർദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ടെത്തിയാണ് പുനർനിയമനം ആവശ്യപ്പെട്ടത്. സർക്കാർ മുന്നോട്ടുവച്ച ആവശ്യം ചട്ടവിരുദ്ധവും ക്രമവിരുദ്ധവുമാണെന്ന് അപ്പോൾ തന്നെ സൂചിപ്പിച്ചതാണ്. ഈ സംഭവത്തിൽ എജിയോട് നേരിട്ട് അഭിപ്രായവും തേടി.
ഭരണപ്രതിസന്ധി ഉണ്ടാവരുതെന്ന് ഓർത്തുമാത്രമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും ഗവർണർ പ്രതികരിച്ചു. എന്നാൽ ആരുടെയും രാജി താൻ ആവശ്യപ്പെടുകയില്ല. ധാർമികത എന്നത് വളരെ വലുതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.