സമരം കടുപ്പിക്കാൻ ഇന്നു യുഡിഎഫ് യോഗം
Friday, December 1, 2023 2:20 AM IST
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു സമരം കടുപ്പിക്കാൻ യുഡിഎഫ്. സമരം അടക്കമുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നു യുഡിഎഫ് ഉന്നതാധികാര സമിതിയോഗം ചേരും.
ഇന്നു വൈകുന്നേരം ഓണ്‍ലൈനായാണ് യുഡിഎഫ് യോഗം ചേരുക. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ് നാളെ ആരംഭിക്കുന്നുണ്ട്.
സർക്കാരിന്റെ ദുർഭരണംകൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. നാളെ മുതൽ ഈ മാസം 31 വരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലാണ് വിചാരണ സദസ്.