“വിധി അംഗീകരിക്കുന്നു; പുനഃപരിശോധനാ ഹർജി നൽകില്ല”
Friday, December 1, 2023 2:20 AM IST
കണ്ണൂർ: സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ആവശ്യപ്പെട്ടിട്ടല്ല പുനർനിയമനം നടത്തിയത്.
2021ലായിരുന്നു ആദ്യഘട്ട വിസിയുടെ കാലാവധി അവസാനിച്ചത്. അന്നുതന്നെ പുനർനിയമനം നടത്തിയുള്ള എഴുത്ത് വരികയായിരുന്നു.അതിനാലാണു തുടർന്നത്.
ഞാനല്ല ഇത്തരം തീരുമാനമെടുത്തതെന്നതിനാൽ എന്താണ് അപാകതയെന്നു പറയാൻ എനിക്കാകില്ല. പുനർനിയമനത്തിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകളോ ചട്ടലംഘനമോ ഉണ്ടായതായി തോന്നിയിരുന്നില്ല” -ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
അടുത്തിടെ ഡല്‍ഹി സർവകലാശാലാ വിസിക്ക് കാലാവധി നീട്ടിനല്കാന് പ്രസിഡന്റ് നിർദേശിച്ചതു പരമാർശിച്ച്, പല സർവകലാശാലകളിലും വിസിമാർക്ക് പുനർനിയമനം ലഭിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നുതന്നെ നേരത്തെ ജോലി ചെയ്ത ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ ചരിത്രവിഭാഗത്തിൽ പ്രഫസറായി സ്ഥിരം ജോലിയിൽ ചുമതലയേൽക്കുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
ഏഴുവർഷമായി വൈസ് ചാൻസലർ പദവിയിൽ ഇരുന്നപ്പോൾ പല കാര്യങ്ങളും ചെയ്യാനായി. ഇനിയും കുറച്ചുകൂടി ചെയ്യാനുണ്ടായിരുന്നു. കണ്ണൂർ സർവകലാശാലയെ രാഷ്ട്രീയമായി തകർക്കാനുള്ള നീക്കം നടക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനു വേറെയാൾക്കാരല്ലേ മറുപടി പറയേണ്ടത് എന്നായിരുന്നു ഉത്തരം.