വിവാദങ്ങളുടെ പുനർനിയമനം
Friday, December 1, 2023 2:20 AM IST
റെനീഷ് മാത്യു
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രഫസർസ്ഥാനത്തേക്കുള്ള അഭിമുഖം നടക്കുന്നത് 2021 നവംബർ 18 നാണ്. നവംബർ 24നാണ് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുന്നത്.
ഒരു കൊടുക്കൽ-വാങ്ങൽ നയം ഇതിലുണ്ടെന്നുള്ള ആക്ഷേപത്തിന് ഇതു വഴിയൊരുക്കിയിരുന്നു. യോഗ്യതയുള്ള അധ്യാപകരെ വൈസ് ചാൻസലറാകാൻ ക്ഷണിച്ചുകൊണ്ട് സെർച്ച് കമ്മിറ്റി ചെയ്ത പരസ്യം പിന്നീട് പിൻവലിക്കപ്പെട്ടു.
വിസിയുടെ പുനർനിയമനത്തിൽ ചട്ടങ്ങളും യുജിസി റെഗുലേഷനുമെല്ലാം ലംഘിക്കപ്പെട്ടു എ ന്നു കാട്ടി അക്കഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ്, സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത് എന്നിവരാണ് ഹർജി നല്കിയത്. കേസിന്റെ നാൾവഴികളിലൂടെ:
2021 നവംബർ 22
ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ശിപാർശ ചെയ്തുകൊണ്ടുള്ള കത്ത് മന്ത്രി ഗവർണർക്ക് നൽകി. കത്തിനോടൊപ്പം പുനർനിയമനം നൽകുന്നതിന് പ്രായപരിധി ബാധകമല്ലെന്ന എജിയുടെ കത്തും നൽകിയിരുന്നു.
2021 നവംബർ 23
ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിക്കൊണ്ട് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചു.
2021 നവംബർ 30
വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
ലോകായുക്തയിൽ
കണ്ണൂർ വിസിയായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തത് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ പരാതിയിൽ 2022 ഫെബ്രുവരി മൂന്നിന് വാദം കേട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ ഉൽ റഷിദ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കാൻ തയാറായില്ല.
ഗവർണർ രംഗത്ത്
കണ്ണൂർ സർവകലാശാലാ വിസി നിയമനത്തിൽ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടു എന്ന ആരോപണവുമായി ഗവർണർ രംഗത്തു വന്നു. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസമന്ത്രി എന്നിവരുടെ കത്തുകളും അദ്ദേഹം പുറത്തുവിട്ടു.
2022 ഫെബ്രുവരി 23
കണ്ണൂർ വിസി പുനർനിയമന നടപടി ശരിവച്ചുകൊണ്ട് ജസ്റ്റീസ് മണികുമാർ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
2022 മാർച്ച് 13
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ ഹർജി ഫയൽ ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 2023 നവംബർ 17നാണ് വാദം കേട്ടത്.