വിസിയായിട്ടും വിടാതെ വിവാദങ്ങൾ
Friday, December 1, 2023 2:20 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രൻ വിസിയായിരുന്ന കാലത്ത് നിരവധി വിവാദങ്ങളുണ്ടായി. രജിസ്ട്രാർ നിയമനത്തിൽ വിസി ഗൂഢാലോചന നടത്തിയതായി ആരോപണം ഉയർന്നിരുന്നു.
രജിസ്ട്രാർ ഇൻചാർജിനെ പ്രഫസറാക്കി മാറ്റാൻ വൈസ് ചാൻസിലർ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്നായിരുന്നു ആരോപണം. കൂടാതെ, യുജിസി റഗുലേഷൻ വളച്ചൊടിച്ച് അധ്യാപകവിരുദ്ധമായി ഗവേഷക ഗൈഡ്ഷിപ്പ് അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ നിയന്ത്രണം പിൻവലിക്കുകയായിരുന്നു.
സർവകലാശാലാ പിജി സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചാണ് സിലബസ് പ്രചരിപ്പിച്ചത്.
സർവകലാശാലയിൽ നിയമസാധുതയില്ലാത്തതാണ് അഡ്ഹോക് കമ്മിറ്റി. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ആത്മകഥ എംഎ ഇംഗ്ലീഷ് സിലബസിൽ വന്നതും പ്രിയ വർഗീസിന്റെ നിയമനവുമെല്ലാം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ബികോം വിദ്യാർഥികൾക്ക് എംഎ ഇംഗ്ലീഷിന് പ്രവേശനം നൽകാൻ സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ വിസി ഉൾപ്പെടെ മുന്നിട്ടിറങ്ങിയതും വിവാദമായിരുന്നു.
സ്വന്തം കേസ് നടത്താൻ സർവകലാശാലാ ഫണ്ടിൽനിന്ന് പണം ചെലവഴിച്ചതും വിസിക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ സർക്കാർ ഫണ്ട് അനുവദിച്ചതും വിവാദമായി.