കാനത്തിനു പകരക്കാരനില്ല; സിപിഐ എക്സിക്യൂട്ടീവ് തീരുമാനം
Friday, December 1, 2023 2:20 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവധി അപേക്ഷയിൽ ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനമെടുത്തില്ല.
ചികത്സയിലുള്ള കാനം രണ്ടു മാസത്തിനുള്ളിൽ പാർട്ടിയിൽ സജീവമാകുന്ന സാഹചര്യത്തിൽ സെക്രട്ടറിയുടെ ചുമതല മറ്റാർക്കും നൽകേണ്ടതില്ലെന്ന നിലപാടാണു നേതാക്കൾ യോഗത്തിലെടുത്തത്. നിലവിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിമാർ സംസ്ഥാന സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും.
എന്നാൽ സെക്രട്ടറി ചികിത്സയിൽ തുടരുന്നതിനാൽ സംഘടനാ കാര്യങ്ങളിൽ പാർട്ടി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു മേൽനോട്ടം വഹിക്കാനും സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റി. പകരം പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മുൻ മന്ത്രി മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
സാന്പത്തിക ആരോപണങ്ങളെത്തുടർന്ന് എ.പി. ജയനെതിരേ പാർട്ടി കമ്മീഷനെ വച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാണു ജയനെ മാറ്റാൻ സിപിഐ എക്സിക്യൂട്ടീവ് തീരുമാനിച്ചത്.