നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
Friday, December 1, 2023 2:20 AM IST
തിരുവനന്തപുരം: സിനിമയിലെ മുത്തശിവേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
നടിയും നർത്തകിയുമായ താരാ കല്യാണ്‍ മകളാണ്. താരാ കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷുമൊത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഏറെ നാളായി താരാ കല്യാണിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം.
കുട്ടിക്കാലം മുതൽ കലാരംഗത്തു സജീവമായിരുന്നു സുബ്ബലക്ഷ്മി. കർണാടക സംഗീതം അഭ്യസിച്ച സുബ്ബലക്ഷ്മി 1951ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം തുടങ്ങി. തെന്നിന്ത്യയിലെ ഓൾ ഇന്ത്യാ റേഡിയോയിലെ ആദ്യ വനിതാ കന്പോസറായിരുന്നു.
2002ൽ നന്ദനം എന്ന ഹിറ്റ് ചിത്രത്തിലൂടെ മുത്തശിവേഷത്തിലെത്തി. തുടർന്നു കല്യാണരാമൻ, തിളക്കം, രാപ്പകൽ, ഗ്രാമഫോണ്‍ തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മലയാളത്തിനു പുറത്തു തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഭർത്താവ് അന്തരിച്ച കല്യാണകൃഷ്ണൻ.