നവകേരള സദസ്: വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്ന് ഹൈക്കോടതി
Friday, December 1, 2023 1:45 AM IST
കൊച്ചി: നവകേരള സദസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്രയും ചെറുപ്പത്തിലേ വിദ്യാര്‍ഥികളുടെ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവയ്ക്കണ്ടതില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം.
ഹര്‍ജി പരിഗണിക്കവേ, അക്കാദമിക് കരിക്കുലത്തില്‍ ദിവസേന മാറ്റം വരുത്താന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതു ഗൗരവതരമാണ്. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്കു കടക്കുമെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കവേ, സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികളുടെ വിശദീകരിക്കണം രേഖാമൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
മുമ്പ് ഹര്‍ജി പരിഗണിക്കവെ, പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. വിദ്യാര്‍ഥികള്‍ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.