കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
Friday, December 1, 2023 1:45 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ. സംഘം സഞ്ചരിച്ച കാറിന് വ്യാജ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിൽ എടുത്തതായും അറിയുന്നു.
കുട്ടിയുടെ അച്ഛൻ താമസിക്കുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി. പിതാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ലോക്കൽ പോലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. പിന്നീട് പിതാവ് ജോലി ചെയ്യുന്ന പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയും പോലീസ് വിവരങ്ങൾ ശേഖരിച്ചു.
സംഭവത്തിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളും വിദേശത്തേയ്ക്ക് ജോലി വാഗ്ദാനം ചെയ്തുള്ള മറ്റ് ഏർപ്പാടുകളുമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിർണായക നീക്കം. നഴ്സുമാരുടെ സംഘടനയിലെ തർക്കവും പോലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്.
റെയിൽവേ സ്റ്റേഷനിൽ പരിശോധന
സംഘം സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലടക്കം പോലീസ് പരിശോധനകൾ നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. സ്റ്റേഷന് എതിർവശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം യുവതി ഏതങ്കിലും വാഹനത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കടന്നു കളഞ്ഞോ എന്ന സംശയവും പോലീസിന് ഉണ്ട്. മൈതാനത്ത് നിന്ന് എളുപ്പത്തിൽ സ്റ്റേഷനിൽ എത്താം. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇവിടത്തെ പരിശോധന.
മൂന്ന് രേഖാചിത്രങ്ങൾ കൂടി പുറത്തുവിട്ടു

തട്ടിക്കൊണ്ട് പോകലിന് പിന്നിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്ന് കുട്ടി വ്യക്തമായി വെളിപ്പെടുത്തിയതോടെ രണ്ട് യുവതികളുടെയും ഒരു പുരുഷന്റെയും കൂടി രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.
കാറിന്റെ ഡ്രൈവർ, കുട്ടിയെ ആശ്രാമം മൈതാനിയിൽ എത്തിച്ച യുവതി, രാത്രി തങ്ങിയ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതി എന്നിവരുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
സംഘത്തിൽ വേറെയും ആൾക്കാരുണ്ടെങ്കിലും അവരെ തിരിച്ചറിയാൻ കഴിയുന്നില്ലന്ന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ നടന്ന ദിവസം പാരിപ്പള്ളി കുളമടയിലെ കടയിൽ ഓട്ടോറിക്ഷയിൽ എത്തിയ സംഘത്തിലെ ഒരു പുരുഷന്റെ രേഖാചിത്രവും നേരത്തേ പോലീസ് പുറത്ത് വീട്ടിരുന്നു.
മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വൻ പോലീസ് സുരക്ഷയിലാണ് കുട്ടിയും കുടുംബാംഗങ്ങളും പോയത്. കൊട്ടാരക്കര കോടതിയിൽ എത്തി മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇവർ വീട്ടിൽ എത്തിയത്.
ട്രയൽ റൺ നടത്തിയെന്ന് സംശയം
കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് മുന്നോടിയായി സംഘം ട്രയൽ റൺ നടത്തിയതായി സംശയം. തട്ടിക്കൊണ്ട് പോകൽ നടന്നതിന് ഏതാനും ദിവസം മുമ്പ് പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ വെള്ള കാർ കണ്ടതായി കുട്ടിയുടെ സഹോദരൻ പോലീസിൽ മൊഴി നൽകിയിരുന്നു. മറ്റൊരു ദിവസം കാർ കുട്ടിക്ക് സമീപത്ത് എത്തിയെങ്കിലും ഒപ്പം മുത്തശി ഉണ്ടായതിനാൽ ശ്രമം വിഫലമാകുകയായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെ 24നാണ് സംഘം ട്രയൽ റൺ നടത്തിയതെന്ന് സ്ഥിരീകരിക്കാവുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ഇന്നലെ ലഭിച്ചു കഴിഞ്ഞു. പരവൂർ, പള്ളിക്കൽ, പാരിപ്പള്ളി, ചടയമംഗലം അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് സംഘം അന്ന് കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയിട്ടുള്ളത്. തട്ടിക്കൊണ്ട് പോകലിന് ശേഷം സംഘം ഇതേ പാതയിലാണ് സഞ്ചരിച്ചിട്ടുള്ളത്.
മാത്രമല്ല ആശ്രാമം മൈതാനത്ത് 28ന് ഉച്ചയ്ക്ക് 1.14ന് ഓട്ടോറിക്ഷയിൽ എത്തിയ യുവതി കുട്ടിയെ ഒക്കത്തിരുത്തി ഇറങ്ങുന്നതിന്റെ കൂടുതൽ വ്യക്തമായ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
ചിറക്കര ശ്രദ്ധാകേന്ദ്രം
തട്ടിക്കൊണ്ട് പോകലിനുശേഷം സംഘം ദേശീയപാതയിൽ കല്ലുവാതുക്കൽ എത്തിയ ശേഷം നേരേ പോയത് ചിറക്കരയിലാണ്. അവിടുന്ന് ഓട്ടോറിക്ഷയിലാണ് യുവതിയും മറ്റൊരാളും പാരിപ്പള്ളി കുളമടയിലെ കടയിൽ എത്തി സാധനങ്ങൾ വാങ്ങി മടങ്ങിയത്. ഇവർക്കായി ചിറക്കരയിൽ ഓട്ടോറിക്ഷ കാത്തു കിടന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന് പ്രാദേശികമായി ചിലരുടെ പിന്തുണ ലഭിച്ചതായും കരുതുന്നു.
സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വാടകവീട് അന്വേഷിച്ച് ചിലർ ചിറക്കരയിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിറക്കരയുടെ മുക്കും മൂലയും പോലീസ് അരിച്ചു പെറുക്കി പരിശോധനകൾ നടത്തി.
കൂടുതൽ പോലീസ് സംഘവും ഇന്നലെ സ്ഥലത്ത് എത്തി. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായും അറിയുന്നു. സംഘം സഞ്ചരിച്ച ഓട്ടോ പുതിയ മോഡൽ ഡീസൽ വണ്ടിയാണെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.