പുതുച്ചേരി മുൻമന്ത്രിയുടെ വീടിന്റെ ഔട്ട്ഹൗസിന് മുകളിൽ ഗോഡൗൺ ഇടിഞ്ഞുവീണു
Friday, December 1, 2023 1:45 AM IST
മാഹി: പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജിന്റെ വീടിന്റെ ഔട്ട് ഹൗസിനു മുകളിലേക്കു ടൈൽസ് ഗോഡൗൺ ഇടിഞ്ഞുവീണു. മാഹി ടാഗോർ പാർക്കിനു സമീപത്തെ വീട്ടുപറമ്പിൽത്തന്നെയുളള ഔട്ട് ഹൗസിനു മുകളിലാണു ഗോഡൗൺ ഇടിഞ്ഞുവീണത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ലോഡിറക്കി തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ഉഗ്രശബ്ദത്തോടെ ഗോഡൗൺ ഇടിഞ്ഞുവീഴുകയായിരുന്നു. തൊഴിലാളികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഔട്ട് ഹൗസിന്റെ ചുമരുകൾക്കു നേരിയ വിള്ളൽ വീണതായി സംശയിക്കുന്നു.
മാഹി വെറൈറ്റി ടൈൽസ് ഉടമയുടെതാണു ഗോഡൗൺ. ആറു പതിറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടത്തിൽ സൂക്ഷിച്ച ടൈൽസുകളുടെ ഭാരം താങ്ങാനുള്ള കെൽപ്പില്ലാത്തതാണു കെട്ടിടം തകരാൻ കാരണമെന്നു പരിസരവാസികൾ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ, തഹസിൽദാർ, ലേബർ ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അപകടം നടന്ന സാഹചര്യത്തിൽ മാഹിയിലെ ഗോഡൗണുകളിൽ പരിശോധന നടത്തുമെന്നു ലേബർ ഓഫീസർ അറിയിച്ചു.