സിറിയക് ജോണ്‍: കർഷകനായ ആദ്യത്തെ കൃഷി മന്ത്രി
Friday, December 1, 2023 1:45 AM IST
കോഴിക്കോട്: പാർലമെന്ററി രാഷ്ട്രീയത്തിലും സഹകരണ മേഖലയിലും തിളങ്ങിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുൻമന്ത്രി സിറിയക് ജോണ്‍ (90). മലയോര മേഖലയുടെ വികസനത്തിനായി പ്രയത്നിച്ച നേതാവ് എന്ന നിലയിൽ കർഷകർക്കിടയിലും ഏറെ സ്വീകാര്യനായിരുന്നു അദ്ദേഹം.
കൊച്ചേട്ടൻ എന്നാണ് അദേഹം സ്വന്തം നാട്ടിൽ അറിയപ്പെട്ടിരുന്നത്. കർഷകനായ ആദ്യത്തെ കൃഷിമന്ത്രി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. കട്ടിപ്പാറ താമരശേരി പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത് കട്ടിപ്പാറ പ്രദേശത്തെ അടയാളപ്പെടുത്തിയ പൊതുപ്രവർത്തകനായിരുന്നു സിറിയക് ജോണ്‍.
തിരുവന്പാടി മണ്ഡലത്തിന്റെ പരിധിയിൽ മണ്ണ് പരിശോധനാ കേന്ദ്രം, താമരശേരി ട്രഷറി, ഡിവൈഎസ്പി ഓഫീസ് അടക്കം ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ ആരംഭിച്ചതിനു പിന്നിൽ സിറിയക് ജോണിന്റെ ഇടപെടലുകളായിരുന്നു. 1933 ജൂണ്‍ 11 ന് ജനിച്ച സിറിയക് ജോണ്‍ ചെറുപ്രായത്തിൽ തന്നെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പൊതുരംഗത്തെത്തുകയായിരുന്നു.
1982-83 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്തിയായിരുന്നപ്പോഴാണ് കേരളത്തിൽ കൃഷിഭവനുകൾ രൂപീകരിച്ചത്. ദീർഘകാലം കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചു. എ.കെ. ആന്റണിയുമായി സിറിയക് ജോണിന് അടുത്ത ബന്ധമുണ്ടായിരുന്നു.
കോണ്‍ഗ്രസിലും എൻസിപിയിലും കോണ്‍ഗ്രസ് എസിലും പ്രവർത്തിച്ച സിറിയക് ജോണ്‍ 1970 ലാണ് ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റിൽ കൽപ്പറ്റയിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചത്. കെ.കെ. അബുവിനെ തോൽപ്പിച്ചായിരുന്നു കന്നിജയം.
തുടർന്ന് 1977ൽ തിരുവന്പാടി മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെ തോൽപ്പിച്ചു. 1980ൽ ഇടതുമുന്നണിക്കൊപ്പം നിന്ന് തിരുവന്പാടിയിൽ ആന്റണികോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു. ലീഗിലെ എൻ.എം. ഹുസൈനായിരുന്നു എതിരാളി.
കോണ്‍ഗ്രസിലേക്കു തിരിച്ചു വന്ന് 1982ൽ മത്സരിച്ച സിറിയക് ജോണ്‍ സിപിഎമ്മിലെ ബേബി മാത്യുവിനെ തോൽപ്പിച്ചതോടെ തിരുവന്പാടി മണ്ഡലത്തിൽ ഹാട്രിക് വിജയത്തിനുടമയായി. പിന്നീട് 1987, 1991, 1996, 2001 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1996ൽ തിരുവന്പാടിയിൽ കോണ്‍ഗ്രസ് എസ് സ്ഥാനാർഥിയായും 2001ൽ എൻസിപി ടിക്കറ്റിലുമാണ് സിറിയക് ജോണ്‍ മത്സരിച്ചത്.
തുടർച്ചയായ പരാജയത്തോടെ തെരഞ്ഞെടുപ്പുകളിൽ നിന്നു പിൻമാറി. നേതൃത്വവുമായി ഉടക്കിയ സിറിയക് ജോണ്‍ പിന്നീട് കോണ്‍ഗ്രസ് വിട്ട് എൻസിപിയിലേക്ക് ചേക്കേറി. എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചു. 2007ൽ വീണ്ടും കോണ്‍ഗ്രസിൽ തന്നെ തിരിച്ചെത്തി.
താമരശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാർക്കറ്റിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം, കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.
ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ബാബു സിറിയക് (മംഗളൂരു), ബീന, മിനി, മനോജ് സിറിയക്, വിനോദ് സിറിയക് (ആർക്കിടെക്ട്). മരുമക്കൾ: പരേതയായ സിൻസി, ജോയ് തോമസ് വട്ടക്കാനായിൽ (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ, പിഡബ്ല്യൂഡി), ജോസ് മേൽവട്ടം (പ്ലാന്റർ, ഈങ്ങാപ്പുഴ), അനിത ചൗധരി (ആർക്കിടെക്ട്). സിറിയക് ജോണിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, എം.കെ. രാഘവൻ എംപി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.