കുസാറ്റ് അപകടം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
Friday, December 1, 2023 1:45 AM IST
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര് മരിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വകുപ്പ് മന്ത്രിക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കുമാണ് റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി ആര്. ബിന്ദു വിസമ്മതിച്ചു.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. അപകടം സംബന്ധിച്ചും ടെക്ഫെസ്റ്റിന്റെ സംഘാടനം സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. അതേസമയം സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചേക്കും.
25ന് വൈകുന്നേരം ഏഴോടെയാണ് തിക്കിലും തിരക്കിലുംപെട്ട് മൂന്ന് വിദ്യാര്‍ഥികളടക്കം നാലു പേര് മരിച്ചത്. സമാപന ദിനത്തില്‍ കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ ആരംഭിക്കുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പായായിരുന്നു അപകടം. 46 പേര്‍ക്ക് പരിക്കേറ്റിരുന്നു.