വ്യാജൻമാരെക്കൊണ്ടു പൊറുതിമുട്ടി മനുഷ്യാവകാശ കമ്മീഷൻ
Friday, December 1, 2023 1:45 AM IST
ബിനു ജോർജ്
കോഴിക്കോട്: കടകളിലെത്തി സാധനം വാങ്ങി പണം നൽകാതെ പോകുക, ആശുപത്രികളിലും പോലീസ് സ്റ്റേഷനിലും ചെന്ന് വിരട്ടുക, ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുക... മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതായി വ്യക്തമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ നടപടിക്കായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് നിയമവകുപ്പിനു കത്തു നൽകി. ഇതേത്തുടർന്ന് കർശന നടപടി സ്വീകരിക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിയമവകുപ്പ് സെക്രട്ടറി നിർദേശം നൽകി.
മനുഷ്യാവകാശ കമ്മീഷന്റെയും അംഗങ്ങളുടെയും പേരും അധികാരങ്ങളും ദുർവിനിയോഗം ചെയ്ത് ചില സ്വകാര്യ സംഘടനകളും വ്യക്തികളും പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നുവെന്നും നിയമവിരുദ്ധമായ നേട്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും വ്യക്തമാക്കി കമ്മീഷൻ ചെയർപേഴ്സണ് സർക്കാരിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. മനുഷ്യാവകാശ കമ്മീഷന്റെ ഔദ്യോഗിക വാഹനം എന്നു തോന്നുന്ന തരത്തിൽ ബോർഡുവച്ച് വിലസുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പിനു പ്രത്യേക നിർദേശമുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരെയും പോലീസുകാരെയും വിരട്ടുന്നുണ്ടെന്നാണു കമ്മീഷനു വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയപ്പോൾ, മിക്ക ജില്ലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവിമാർ അറിയിച്ചത്.
സർക്കാർ ഓഫീസുകളിലെ ഫയലുകളും രേഖകളും പരിശോധിക്കണമെന്നു പറഞ്ഞ് മനുഷ്യാവകാശ കമ്മീഷന്റെ പേര് പറഞ്ഞ് ആളുകൾ എത്തിയാൽ അവരോടു തിരിച്ചറിയൽ കാർഡോ അധികാര പത്രമോ കാണിക്കാൻ ആവശ്യപ്പെടണം. തിരിച്ചറിയൽ രേഖകളില്ലെങ്കിൽ അവരെ പിടിച്ച് പോലീസിൽ എൽപ്പിക്കണമെന്നും എല്ലാ വകുപ്പുതല ഉദ്യോഗസ്ഥർക്കും നിയമവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.