ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നീറ്റിലിറക്കി
Friday, December 1, 2023 1:45 AM IST
കൊച്ചി: ഇന്ത്യന്‍ നാവികസേനയ്ക്കായി കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മിച്ച അന്തര്‍വാഹിനി ആക്രമണങ്ങളെ ചെറുക്കന് ശേഷിയുള്ള മൂന്ന് ചെറുകപ്പലുകല്‍ നീറ്റിലിറക്കി.
മാഹി, മാല്‍വാന്‍, മംഗ്റോള്‍ എന്നിവയാണ് ഇന്നലെ ഷിപ്പ്യാര്ഡില് നടന്ന ചടങ്ങില്‍ നീറ്റിലിറക്കിയത്. ഷിപ്പ്യാര്ഡ് നിര്‍മിക്കുന്ന എട്ട് എഎസ്ഡബ്ല്യു ഷാലോ വാട്ടര്‍ ക്രാഫ്റ്റ് (സിഎസ്എല്‍) പദ്ധതിയിലെ ആദ്യ മൂന്ന് കപ്പലുകളാണിവ.
‘മാഹി’ ഐഎന്‍എ കമാന്‍ഡന്റ് വിഎഡിഎം പുനീത് ബഹലിന്റെ സാന്നിധ്യത്തില്‍ അഞ്ജലി ബാഹലും ‘മാല്‍വാന്‍’ വിഎഡിഎം സൂരജ് ബെറി, സിഇന്സിയുടെ സാന്നിധ്യത്തില്‍ കങ്കണ ബെറിയും ‘മംഗ്റോൾ’ നാവികസേനയുടെ വൈസ് ചീഫ് വിഎഡിഎം സഞ്ജയ് ജെ. സിംഗിന്റെ സാന്നിധ്യത്തില്‍ സറിന് ലോര്‍ഡ് സിംഗുമാണ് നീറ്റിലിറക്കിയത്.
ഇന്ത്യയുടെ തീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ പേരാണ് കപ്പലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അത്യാധുനിക അണ്ടര്‍ വാട്ടര്‍ സെന്‍സറുകള്‍ സജ്ജീകരിച്ചിട്ടുള്ള കപ്പലുകള്‍ക്ക് രാജ്യത്തിന്റെ തീരദേശ അടിത്തട്ടിലൂടെയുള്ള അന്തര്‍വാഹിനി ആക്രമണങ്ങളും മൈനുകളും കണ്ടെത്താന്‍ സാധിക്കും.
78 മീറ്റര്‍ നീളമുള്ള കപ്പലുകളുടെ ഭാരം 900 ടണ്ണും പരമാവധി വേഗത 25 നോട്ടിക്കല്‍ മൈലുമാണ്. കഴിഞ്ഞ ഏപ്രില്‍ 30നാണ് എട്ട് എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയവും കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും തമ്മില്‍ ഒപ്പുവച്ചത്. പദ്ധതിയുടെ ആദ്യ കപ്പല്‍ 2024ല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.