ആദിവാസികളുടെ വീടുകള്‍ വാസയോഗ്യമാണെന്ന് കള്ളം പറഞ്ഞത് എന്തിനെന്ന് ഹൈക്കോടതി
Friday, December 1, 2023 1:45 AM IST
കൊച്ചി: നാല് വര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂര്‍ വനത്തിലെ ആദിവാസികളുടെ വീടുകള്‍ വാസയോഗ്യമാണെന്ന് കള്ളം പറഞ്ഞത് എന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
ആദിവാസികളുടെ പുനരധിവാസത്തിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് 13ന് മുമ്പ് അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
ആദിവാസികളുടെ വീടുകള്‍ വാസയോഗ്യമാണെന്ന് സര്‍ക്കാരിന് വേണ്ടി ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളുകയും ചെയ്തു.
സത്യവാങ്മൂലത്തിന്റെ നിജസ്ഥിതി അറിയാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം മലപ്പുറം ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം. ഷാബിര്‍ ഇബ്രാഹിം കോളനികള്‍ സന്ദര്‍ശിച്ച ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.
ആര്യാടന് ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴയുമാണ് പൊതുതാല്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.