കളഭാഭിഷേകം: പരാതിക്കാരനെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശം
Friday, December 1, 2023 1:45 AM IST
കൊച്ചി: ശബരിമലയില്‍ കളഭാഭിഷേകത്തിനു കളഭം നല്‍കിയിട്ടും ദേവസ്വം ബോര്‍ഡ് മുഴുവന്‍ വഴിപാടു തുകയും വാങ്ങിയ സംഭവത്തില്‍ പരാതിക്കാരനായ കൊല്ലം സ്വദേശി മനോജിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിർദേശം.
ശബരിമലയില്‍ കളഭാഭിഷേകത്തിന് 38,400 രൂപയാണ് അടയ്ക്കേണ്ടത്. ഭക്തര്‍ ചന്ദനം വാങ്ങി അരച്ചു നല്കിയാല് ദേവസ്വം ഫീസായ 12,500 രൂപ നല്കിയാല് മതിയെന്നിരിക്കെ നവംബര്‍ 17 ന് കളഭാഭിഷേകത്തിന് കളഭം വാങ്ങി നല്‍കിയിട്ടും മാധ്യമപ്രവര്‍ത്തകനായ മനോജില്‍നിന്ന് മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡ് വാങ്ങിയതാണ് ഹര്‍ജിക്ക് ആധാരമായ സംഭവം. ഇതിനു പുറമേ ദേവസ്വം ബോര്‍ഡ് കളഭാഭിഷേകത്തിനുള്ള ചന്ദനം വനംവകുപ്പില്‍ നിന്ന് വാങ്ങുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.