സർക്കാർ-ഗവർണർ പോരിൽ സർവകലാശാലകൾ അനാഥം
Friday, December 1, 2023 1:45 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരു മൂലം ഉന്നത വിദ്യാഭ്യാസ രംഗം അനാഥമായ സ്ഥിതിയിൽ. കേരളത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളിലെല്ലാം സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ ഇൻ ചാർജ് ഭരണം തുടങ്ങിയിട്ട് മാസങ്ങളായി.
വിസി നിയമനത്തിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബില്ല് മാസങ്ങളുടെ കാത്തിരിപ്പിനുശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവർണർ കഴിഞ്ഞ ദിവസം അയച്ചു. ഇതോടെ ഈ ബില്ലിൽ അന്തിമ തീരുമാനം എന്നു വരുമെന്നതിനെ ആശ്രയിച്ചാകും പുതിയ വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ ഉൾപ്പെടെയുള്ളവ.
സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലയായ കേരളാ, എംജി , സാങ്കേതികം, ഫിഷറീസ് തുടങ്ങിയ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരില്ലാതായിട്ട് നാളുകൾ ഏറെയായി. ഇതോടെ സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറായി.
ഇതിനു പിന്നാലെ ഇന്നലെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം കോടതി റദ്ദാക്കിയതോടെ കണ്ണൂരിനും നാഥനില്ലാത്ത സ്ഥിതിയായി. കേരളാ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീയെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്താക്കിയതോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും ഗവർണറും തമ്മിലുള്ള പോര് ആരംഭിക്കുന്നത്.
വൈസ് ചാൻസലറെ നിയമിക്കുന്നതിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാത്തതോടെയാണ് സർവകലാശാലയ്ക്ക് പുതിയ വിസിമാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യം ഉടലെടുത്തത്. നിലവിലുള്ള നിയമമനുസരിച്ച് വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണർക്കാണ് ഭൂരിപക്ഷം. അത് മറികടക്കാനും സർക്കാരിന് വിസി നിയമനത്തിൽ മേല്ക്കൈ നേടാനുമായി നിയമനിർമാണം നടത്തി. ഈ നിയമത്തിന് അംഗീകാരം ലഭിക്കാനായി ഗവർണറുടെ അനുമതിക്കായി രാജ്ഭവനിലേക്ക് അയയ്ക്കുകയും ചെയ്തു.
എന്നാൽ തനിക്ക് സർവകലാശാലകൾക്കുമേലുള്ള അധികാരം നഷ്ടമാകുന്ന നിയമനിർമാണമായതോടെ മാസങ്ങളോളം രാജ്ഭവനിൽ വച്ചുതാമസിപ്പിച്ചശേഷം ഒടുവിൽ ഈ ബില്ല് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടു. നിയമസഭയിൽ അവതരിപ്പിച്ച ബില്ല് ഗവർണറുടെ പരിഗണനയിൽ ആണെന്നതിനാൽ പഴയ നിലയിലുളള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്കേണ്ടെന്ന തീരുമാനം സംസ്ഥാന സർക്കാരും കൈക്കൊണ്ടു. സർക്കാരും ഗവർണറും തമ്മിലുള്ള അധികാരവടംവലി ഏറ്റവുമധികം ബാധിച്ചത് പതിനായിരക്കണക്കിന് വരുന്ന വിദ്യാർഥികളെയാണ്.
നിലവിൽ സംസ്ഥാനത്തെ പല സർവകലാശാലകളിലും താത്കാലിക വിസി സ്ഥാനത്തേക്ക് സർവകലാശാലകളിൽ മുതിർന്ന ഒരു അധ്യാപകന് ചുമതല നല്കിവരുന്ന സ്ഥിതിയാണ്. ഈ ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ ഈ നില തുടരട്ടെയെന്നതായിരുന്നു സർക്കാർ നിലപാട്. എന്നാൽ ബില്ല് രാഷ്ട്രപതിക്ക് അയച്ചതോടെ ഇനി ഇക്കാര്യത്തിൽ എന്നാണ് തീരുമാനമുണ്ടാകുക എന്നതിലും വ്യക്തതയില്ല.
ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ സർവകലാശാല ചാൻസലറായി നിയമിക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു പുതിയ ബില്ല്. ഉദ്യോഗത്തിൽ പ്രവേശിക്കുന്നതു മുതൽ അഞ്ചു വർഷത്തേക്കായിരിക്കും ചാൻസലറുടെ കാലാവധി. ഒരു അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ടാകും. പ്രതിഫലം പറ്റാത്ത ഓണററി സ്ഥാനമായാണ് ചാൻസലർ പദവിയെ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷം ഈ ബില്ലിനെ എതിർത്തിരുന്നു.
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ മാറ്റുന്പോൾ പകരമായി ഗവർണർ ചാൻസലർ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ നിലയിൽ സംസ്ഥാനത്തെ സർവകലാശാലകൾക്ക് എല്ലാംകൂടി ഒരു ചാൻസലർ മതിയെന്നും ഓരോ സർവകലാശാലകൾക്കും ഓരോ ചാൻസലർമാരെ നിയമിക്കുന്നത് വൻ ബാധ്യതകൾക്ക് ഇടയാക്കുമെന്നുമായിരുന്നു പ്രതിപക്ഷവാദം.
കൂടാതെ ചാൻസലർ സ്ഥാനത്തേക്ക് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയെയോ ഹൈക്കോടതിയിൽനിന്നു ചീഫ് ജസ്റ്റീസ് പദവിയിൽ വിരമിച്ച വ്യക്തിയെയോ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദേശിച്ചിരുന്നു.
എന്നാൽ ഈ ഭേദഗതികൾ അംഗീകരിച്ചിരുന്നില്ല. സർവകലാശാലകൾ മാർക്സിസ്റ്റ് വത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു അന്ന് പ്രതിപക്ഷം ആരോപണം മുന്നോട്ടുവച്ചത്.