ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം: ആയുർവേദത്തിന്റെ സാധ്യതകൾ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ആയുർവേദ പങ്കാളികളും ഡോക്ടർമാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് (ജിഎഎഫ്2023) ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചു ദിവസത്തെ സമ്മേളനം ഉച്ചകഴിഞ്ഞു രണ്ടിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്യും.
ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ജിഎഎഫ് ചർച്ച ചെയ്യും. ’ആരോഗ്യപരിപാലനത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളും നവോർജത്തോടെ ആയുർവേദവും’ എന്നതാണ് ലോകത്തെ ഏറ്റവും വലിയ ആയുർവേദ സമ്മേളനമായ ജിഎഎഫ് അഞ്ചാം പതിപ്പിന്റെ പ്രമേയം.
കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയും ജിഎഎഫ് ചെയർമാനുമായ വി. മുരളീധരൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജിഎഎഫിന്റെ ഭാഗമായുള്ള ദേശീയ ആരോഗ്യ മേള ഇന്ന് രാവിലെ 11ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്യും.
ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നാളെ ശ്രീലങ്കയിലെ തദ്ദേശീയവൈദ്യ സഹമന്ത്രി ശിശിര ജയകോടി നിർവഹിക്കും. ഞായറാഴ്ച കേന്ദ്ര എംഎസ്എംഇ ഖാദി ഗ്രാമ വ്യവസായ മന്ത്രി നാരായണ്‍ റാണെ ഉദ്ഘാടനം ചെയ്യുന്ന ബിടുബി മീറ്റിൽ മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ മുഖ്യാതിഥിയാകും.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി സഹകരിച്ച് നടത്തുന്ന എൻസിഐഎസ്എം വിദ്യാർഥികളുടെ ആശയവിനിമയ പരിപാടിയുടെ ഉദ്ഘാടനം നാലിന് കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായി നിർവഹിക്കും.
ജിഎഎഫ് സമാപന സമ്മേളനം അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.