നാട്ടുകാരുടെ ചെലവിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുന്നു: വി.ഡി. സതീശൻ
Friday, December 1, 2023 1:45 AM IST
തൃശൂർ: മുഖ്യമന്ത്രി പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും അപമാനിക്കാൻവേണ്ടിയാണു നവകേരളസദസ് ഉപയോഗിക്കുന്നതെന്നു വ്യക്തമായെന്നും ഇതു തെരഞ്ഞെടുപ്പ് പ്രചാരണംതന്നെയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഞാൻ തോന്നിയപോലെ കാര്യങ്ങൾ ചെയ്യുന്നുവെന്നും എന്റെ മാനസികനില തകരാറിലാണെന്നും ഞാൻ ബഹിഷ്കരണ വീരനാണെന്നുമാണ് എന്നെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ മൂന്നു കാര്യങ്ങൾ. സർക്കാർ ചെലവിൽ, നാട്ടുകാരുടെ ചെലവിൽ നവകേരളസദസ് നടത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തെയും നേതാക്കളെയും അപമാനിക്കുകയാണ്. തോന്നുംപോലെ ചെയ്തു കേരളത്തിലെ സിപിഎമ്മിനെ സർവദോഷത്തിലേക്കു നയിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഞാനല്ല.
മന്ത്രിസഭയിലോ പാർട്ടിയിലോ ഘടകക്ഷികളോടോ ചർച്ച നടത്താതെ, ഏകാധിപത്യമാണു പിണറായി നടത്തുന്നത്. സ്വന്തം സ്വഭാവം മറ്റൊരാളിൽ കെട്ടിവയ്ക്കുകയാണു മുഖ്യമന്ത്രി. കൂടിയാലോചന നടത്തിയാണ് യുഡിഎഫ് തീരുമാനമെടുക്കുന്നത്. എന്റെ ഒറ്റയ്ക്കുള്ള തീരുമാനമല്ല.
വൈദ്യുതി മന്ത്രിയായിരിക്കേ ലാവ്ലിൻ ഇടപാട് അസംബന്ധമെന്നു കുറിച്ച ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നെഴുതിവച്ച ആളാണ് പിണറായി വിജയൻ. എതിർക്കുന്നവരുടെയെല്ലാം മാനസികനില തകരാറിലാണെന്നു പിണറായി വിജയൻ കാലങ്ങളായി പറയുന്നതാണെന്നും സതീശൻ പരിഹസിച്ചു.
നിയമസഭയിൽ ഒരു ഡസൻ തവണയെങ്കിലും അദ്ദേഹം മാനസികനിലയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ സ്വഭാവംതന്നെ ഒരു അസുഖമാണ്. അടിയന്തരമായി ഡോക്ടറെ കാണണം.
പിണറായിയെ പേടിച്ചിട്ടാരും ചോദ്യം ചെയ്യാറില്ല. എന്നെയാർക്കും പേടിയില്ല. എന്നെ ആർക്കും ചോദ്യം ചെയ്യാം- സതീശൻ പറഞ്ഞു.