മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള കരിങ്കൊടി പ്രതിഷേധം ഭീകരവാദപ്രവര്‍ത്തനം: പി. ജയരാജന്
Friday, December 1, 2023 1:45 AM IST
കൊച്ചി: മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള കരിങ്കൊടി സമരം ഭീകരവാദ പ്രവര്‍ത്തനമാണെന്നു സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്. നവകേരള ബസിനു മുന്നിലേക്കു ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെറുക്കുകയാണുണ്ടായത്.
മുസ്ലിം ലീഗ് ഭരിക്കുന്ന മാടായി പഞ്ചായത്ത് നവകേരള സദസിന് 50,000 രൂപ നല്‍കിയതിലുള്ള വിദ്വേഷമാണു കരിങ്കൊടി പ്രതിഷേധത്തിനു യൂത്ത് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചതെന്നും കൊച്ചിയില്‍ പത്രസമ്മേളനത്തിൽ ജയരാജന് പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ ചിന്താഗതിക്കാരാണു നവകേരള കാഴ്ചപ്പാടിനെതിരേ മുഖംതിരിച്ചു നില്‍ക്കുന്നത്. കുട്ടികള്‍ നവകേരള സദസിലേക്കു വരുന്നതിനെ തടയാന്‍ ആര്‍ക്കും അധികാരം ഇല്ല.
സ്വമേധയാ വരുന്ന കുട്ടികളെ എങ്ങനെയാണു തടയാനാവുക? അവരും നവകേരള സദസ് ആസ്വദിക്കട്ടെ. ഇത്തരത്തില്‍ ചെറുപ്പത്തിലേ പഠിച്ചാലെ തെറ്റായ രാഷ്ട്രീയ കാഴ്ചപ്പാടുകളിലേക്കു കുട്ടികള്‍ വഴുതി വീഴാതിരിക്കുകയുള്ളൂവെന്നും ജയരാജന് പറഞ്ഞു.