ഭാഷാന്തരങ്ങള്‍ക്കുമപ്പുറം കര്‍ഷക കൂട്ടായ്മയുമായി ഇന്‍ഫാം
Friday, December 1, 2023 1:45 AM IST
കോട്ടയം/ തേനി: ഭാഷാന്തരങ്ങള്‍ക്കുമപ്പുറം കര്‍ഷക കൂട്ടായ്മയുമായി ഇന്‍ഫാം തമിഴ്നാട്ടിലും പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം തമിഴ്നാട് സംസ്ഥാന സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജാതിമത രാഷ്ട്രീയഭാഷകള്ക്കതീതമായി 3000ത്തിലധികം കര്‍ഷക കുടുംബങ്ങളാണ് തേനി, മധുര, ദിണ്ടിഗല്‍, തിരുനെല്‍വേലി ജില്ലകളിലായി ഇന്‍ഫാം സംഘടനയില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.
കരിമ്പ്, ചോളം, മെയ്സ്, പശു വളര്‍ത്തല്‍, പുല്‍കൃഷി തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരാണ് സംഘടനയില്‍ അംഗങ്ങളായിരിക്കുന്നത്. കര്‍ഷകരില്‍നിന്ന് കാലിത്തീറ്റ നിര്‍മാണത്തിന് ആവശ്യമായ വെള്ളച്ചോളം, മെയ്സ്, കരിമ്പ് എന്നിവയും വെളിച്ചെണ്ണ നിര്‍മാണത്തിന് ആവശ്യമായ തേങ്ങയും ഇന്‍ഫാം സംഭരിക്കും. പച്ചക്കറി ഉത്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിക്കും.
ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരകുന്നേല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര, ദേശീയ ട്രഷറര്‍ ജയ്സണ്‍ ചെമ്പിളായില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്. മാത്യു മാംപറമ്പില്‍, ജോയി തെങ്ങുംകുടി, തമിഴ്നാട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്. ഷണ്മുഖവേല് മുരുകയ്യാ, പി. സുരുളിവേല്‍, മൈക്കിള്‍ സവാരി മുത്തു, വി.എസ്. ഗണേശന്, ഇന്‍ഫാം തമിഴ്നാട് സംസ്ഥാന സമിതി പ്രസിഡന്റ് ആര്.കെ. ദാമോദരന്‍, സെക്രട്ടറി എസ്. അരുളാനന്ദം തുടങ്ങിയവര്‍ പ്രസംഗിച്ചു.