പ്രസവം നിര്‍ത്തിയിട്ടും കുഞ്ഞ്; നഷ്ടപരിഹാര ഹര്‍ജി തള്ളി
Friday, December 1, 2023 1:45 AM IST
കൊച്ചി: പ്രസവം നിര്‍ത്തിയിട്ടും അഞ്ചാമത്തെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ഡോക്ടറുടെ അനാസ്ഥ മൂലം അഞ്ചാമതും ഗര്‍ഭം ധരിക്കേണ്ടിവന്നെന്നും ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുപ്പത്തിയൊന്പതുകാരി ഹൈക്കോടതിയെ സമീപിച്ചത്.
അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് (പിപിഎസ് സര്‍ജറിക്ക്) ശേഷവും ഗര്‍ഭധാരണ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് സി.എസ്. സുധ ഹര്‍ജി തള്ളുകയായിരുന്നു. ശസ്ത്രക്രിയാ സമയത്ത് ഡോക്ടര്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താത്ത അവസരത്തിലാണു കുട്ടി ജനിച്ചതെന്നു പറയാനാവില്ലെന്നും ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു. മാത്രമല്ല, ശസ്ത്രക്രിയ നടത്തി അഞ്ചു വര്‍ഷം കഴിഞ്ഞാണ് കുട്ടിയുണ്ടായത്. ഈ സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
ശസ്ത്രക്രിയ സ്വാഭാവിക കാരണങ്ങളാല്‍ പരാജയപ്പെടുന്നത് ക്ലെയിമിന് അടിസ്ഥാനമായിരിക്കില്ലെന്നും ഉത്തരവ് പറയുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നിര്‍ത്തിയിട്ടും കുട്ടിയുണ്ടായെന്നാരോപിച്ചാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കീഴ്ക്കോടതി ഈ ആവശ്യം തള്ളിയിരുന്നു.