സ്കൂൾ ശാസ്ത്രമേളയ്ക്കു തിരി തെളിഞ്ഞു
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം: 55-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്കു തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. ശാസ്ത്രലോകത്തിന്റെ പുത്തൻ ആവിഷ്കാരങ്ങളുമായി ഇനി നാലു ദിവസങ്ങളിൽ മേള അരങ്ങേറും.
നഗരത്തിലെ അഞ്ചു സ്കൂളുകളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു.
എ.എ. റഹീം എംപി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എസ്.എസ്. ശരണ്യ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എ. ഷാനവാസ്, എസ്എസ്കെ ഡയറക്ടർ സുപ്രിയ, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളമൊഴിച്ചാൽ മിന്നുന്ന വിളക്ക് അദ്ഭുതക്കാഴ്ച
ഉദ്ഘാടനവേദിയിൽ, വെള്ളമൊഴിച്ചാൽ മിന്നുന്ന വിളക്കു കാണികൾക്കു കൗതുകക്കാഴ്ചയായി. ഇതുവരെ കണ്ടിട്ടുള്ളതിൽനിന്നു വേറിട്ട കാഴ്ചയായിരുന്നു ഇന്നലെ നടന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനചടങ്ങ്. സ്പീക്കർ എ.എൻ. ഷംസീർ വിളക്കിലേക്കു വെള്ളമൊഴിച്ചതും വിളക്കു പ്രകാശിച്ചു, ഇതായിരുന്നു കാണികൾക്കു നവ്യാനുഭവം പകർന്നത്.
കോവളം വാഴമുട്ടം ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ കെ.വി. ഷാജിയാണ് ഈ ശാസ്ത്രബുദ്ധിക്കു പിന്നിൽ. വെള്ളത്തിലൂടെ വൈദ്യുതി കടന്നുപോകുമെന്ന ഏറ്റവും ചെറിയ തത്വമാണ് ഈ വിളക്കു നിർമാണത്തിന്റെ അടിസ്ഥാനം.
പ്ലാസ്റ്റിക് ഉപയോഗിച്ചു തയാറാക്കിയ വിളക്കിൽ രണ്ടു ബട്ടൻ ബാറ്ററിയും എൽഇഡി ബൾബുകളും ഉപയോഗിച്ചുള്ള സർക്യൂട്ടിൽ സ്വിച്ചിനു പകരം വെള്ളം ഉപയോഗിച്ചു. വെള്ളത്തിലെ സോഡിയവും മഗ്നീഷ്യവും കാത്സ്യവും ഉൾപ്പെടെയുള്ള ലവണങ്ങൾ വൈദ്യുതിയെ കടത്തിവിടും. ഇതോടെ വിളക്കിലെ ബൾബുകൾ പ്രകാശിക്കും.

വാഴമുട്ടം ഹൈസ്കൂളിലെ ശാസ്ത്രപോഷിണി ലാബിന്റെ ഉദ്ഘാടനത്തിനു നിർമിച്ച വിളക്ക് ശാസ്ത്രമേള സംഘാടകരുടെ നിർദേശ പ്രകാരമാണ് ഉദ്ഘാടനവേദിയിലെത്തിച്ചത്. 21 വർഷമായി അധ്യാപകനായ കെ.വി. ഷാജിക്ക് 2021 ൽ ഗുരുശ്രേഷ്ഠ പുരസ്കാരവും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വെള്ളമൊഴിച്ചാൽ മിന്നുന്ന വിളക്ക് ശാസ്ത്രമേളയുടെ സയന്റിഫിക് ടച്ചാണെന്നും ശാസ്ത്രമേള എങ്ങനെ ഉദ്ഘാടനം ചെയ്യണം എന്നതിന്റെ നല്ല ഉദാഹരണമാണ് ഈ രീതിയെന്നും എ.എൻ. ഷംസീർ പറഞ്ഞു.