ദര്‍ശന അഖിലകേരള പ്രഫഷണല്‍ നാടക മത്സരം: മണികര്‍ണിക മികച്ച നാടകം
Friday, December 1, 2023 1:45 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 13-ാമത് ദര്‍ശന അഖിലകേരള പ്രഫഷണല്‍ നാടക മത്സരത്തില്‍ ഏറ്റവും മികച്ച നാടകമായി തിരുവനന്തപുരം സൗപര്‍ണികയുടെ മണികര്‍ണിക തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം സ്ഥാനം പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ജീവിതം സാക്ഷി കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് അര്‍ഹമായ നാടകത്തിനു 25000 രൂപയും മുകളേല്‍ ഫൗണ്ടേഷന് എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു 20,000 രൂപയും ജൂബിലി ഹീറോ ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും.
തിരുവനന്തപുരം സൗപര്‍ണികയുടെ മണികര്‍ണിക എന്ന നാടകം സംവിധാനം ചെയ്ത അശോക് ശശി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല നടനായി വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ ഊഴം നാടകത്തിലെ സജീവന് പൊയ്യ, നല്ല നടിയായി വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സിന്റെ ഊഴം നാടകത്തിലെ സുജി ഗോപിക തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് എന്ന നാടകത്തിലെ ദാസ് കാട്ടൂര്‍ മികച്ച ഹാസ്യനടന്.
മികച്ച രചന മുഹാദ് വെമ്പായം (നാടകം പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ജീവിതം സാക്ഷി). മികച്ച സംഗീത സംവിധായകന് അനില്‍ മാള (നാടകം ഊഴം വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സ്). മികച്ച ദീപസംവിധാനം സുരേഷ് ദിവാകർ (നാടകം ഊഴം വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സ്).
മികച്ച രണ്ടാമത്തെ നടനായി അജന്താ തിയേറ്റര്‍ ഗ്രൂപ്പ്, തിരുവനന്തപുരം മൊഴി എന്ന നാടകത്തിലെ മുരുകന് പനവിള, മികച്ച രണ്ടാമത്തെ നടിയായി കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് നാടകത്തിലെ മീനാക്ഷി ആദിത്യ എന്നിവരാണ്. മികച്ച രംഗ സജ്ജീകരണം സുബി, അനില്‍ ലിയാട്, ഷിബു ആലിയാട് നാടകം മണികര്‍ണ്ണിക.
മികച്ച നാടകത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം അമ്പലപ്പുഴ സാരഥിയുടെ രണ്ടു ദിവസം എന്ന നാടകത്തിനു ലഭിച്ചു. നടിക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ഗ്രീഷ്മ ഉദയ് (തിരുവനന്തപുരം സൗപര്‍ണികയുടെ മണികര്‍ണിക) കരസ്ഥമാക്കി. ജനപ്രിയ നാടകത്തിനുള്ള ജോസ്പ്രകാശ് അവാര്‍ഡ് കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് നേടി .
നാളെ വൈകുന്നേരം 5 .30 ന് കോട്ടയത്ത് ദര്‍ശന ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് വിതരണവും തുടര്‍ന്ന് നവയുഗ് ചില്‍ഡ്രന്‍സ് തീയേറ്റേഴ്സിന്റെ ഉരുല്‍ നാടകം അവരിപ്പിക്കും.