കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫീസർമാരെ നിയമിച്ചു
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫീസർമാരെ നിയമിച്ചു.
കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്നു കെഎസ്ആർടിസി ഡയറക്ടർ ബോർഡ് സർക്കാരിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എൻജിനിയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിൽ നിയമിച്ചത്.
കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷനലിസം കൊണ്ടുവരണമെന്നുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, മാനേജ്മെന്റ് ഘടന മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടുമാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിനു ശേഷം ഇവരെ സോണൽ ജനറൽ മാനേജർമാരായും, ഹെഡ്കോട്ടേഴ്സിലും നിയമിക്കും.
മലപ്പുറം ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്മെന്റ്) എസ്.എസ്.സരിൻ, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജോഷോ ബെനെറ്റ് ജോണ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഇടുക്കി ഓഫീസിലെ ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ്) ആർ. രാരാരാജ്, കണ്ണൂർ ഇറിഗേഷൻ പ്രോജക്ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരെയാണ് കെഎസ്ആർടിസിയുടെ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നത്.