ഗവർണറുടെ നടപടിയിൽ സുപ്രീംകോടതി ഇടപെടൽ; തിരിച്ചടി ആർക്ക് ?
Thursday, November 30, 2023 1:56 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരേ സുപ്രീംകോടതി വിമർശനമുണ്ടായെങ്കിലും കേസിൽ ആത്യന്തികമായ തിരിച്ചടി സംസ്ഥാന സർക്കാരിനാണെന്നു വിലയിരുത്തി രാജ്ഭവൻ. മുഖ്യമന്ത്രിയും ബിൽ തയാറാക്കുന്ന മന്ത്രിയും നേരിട്ടെത്തി വിശദീകരിക്കണമെന്ന ആവശ്യമാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യം മുതൽ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രി രാജ്ഭവനിലെത്തി ബില്ലുമായി ബന്ധപ്പെട്ടു ഗവർണറുമായി ചർച്ച നടത്തണമെന്നു സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്നാണു രാജ്ഭവൻ അധികൃതർ പറയുന്നത്. അങ്ങനെ വരുന്പോൾ, ബില്ലുമായി ബന്ധപ്പെട്ട കാര്യം രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്താതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും കോടതിയുടെ വിമർശനം നേരിടുന്നുണ്ട്.
സർക്കാർ കോടതിയുടെ പരിഗണനയ്ക്കു കൊണ്ടുവന്ന എട്ടു ബില്ലുകളിൽ ഒന്നിൽ മാത്രം ഒപ്പുവച്ച ശേഷം മറ്റുള്ളവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചതോടെ ഇവയും ഇനി മടങ്ങിവരുമോ എന്ന കാര്യത്തിൽ സർക്കാരിനും സംശയമായി. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ബിൽ അയയ്ക്കുന്നതു ഗവർണറുടെ ഭരണഘടനാപരമായ അധികാരമായതിനാൽ ഇതിൽ സുപ്രീംകോടതി ഇടപെടാതിരുന്നതും സർക്കാരിനു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
ബില്ലുകൾ മടങ്ങിവരുമോ?
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലുകളിൽ പലതും വർഷങ്ങൾക്കു ശേഷവും മടങ്ങിവരാത്ത ചരിത്രമുണ്ട്. പ്ലാച്ചിമട അടക്കമുള്ള കേരള നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ പക്കൽനിന്നു മടങ്ങിയെത്താത്ത സാഹചര്യമുണ്ട്. ഇതിനാൽ, സർക്കാർ ലക്ഷ്യമിട്ട നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബില്ലുകളും ലോകായുക്ത ഭേദഗതി ബില്ലും ഇനി കേരളത്തിൽ നടപ്പാക്കാൻ കഴിയുമോ എന്ന സംശയം മാത്രമാണ് ബാക്കിയാകുക.
സർവകലാശാലാ ചാൻസലർ എന്ന നിലയിൽ ഗവർണറെ ഒഴിവാക്കുന്ന സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ നേരിട്ടു ബാധിക്കുന്ന വിഷയത്തിൽ രാഷ്ട്രപതി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണു ഗവർണർ സ്വീകരിച്ചത്. ഇതിന് ആനുപാതികമായ നിലപാടാണ് ബിൽ രാഷ്ട്രപതിക്ക് അയച്ചതിലൂടെ സ്വീകരിച്ചത്. യുജിസിയുമായി ബന്ധപ്പെട്ട ബില്ലിൽ കേന്ദ്രനിയമത്തിനു മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടും.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിലും ഭരണഘടനാപരമായ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയിലെല്ലാം സർക്കാരിന്റെ മറുപടി തേടിയാണു മുഖ്യമന്ത്രി വിശദീകരിക്കണമെന്ന നിലപാടു ഗവർണർ പലതവണയായി സ്വീകരിച്ചത്. ഇവയിൽ ഒന്നിലും സർക്കാർ വിശദീകരണം ഉണ്ടായില്ലെന്നായിരുന്നില്ലെന്നാണ് രാജ്ഭവൻ പറയുന്നത്.
പ്രതീക്ഷയില്ലാതെ സർക്കാർ
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഓരോ ബില്ലിലും ഗവർണറുടെ നിയമപരവും ഭരണഘടനാപരവുമായ സംശയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇനി 10 മാസമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാലാവധിയുള്ളത്. വിവാദ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതു വഴി ഇപ്പോഴത്തെ ഗവർണറുടെ കാലത്തു മടങ്ങിയെത്തുമെന്നു സംസ്ഥാന സർക്കാരും പ്രതീക്ഷിക്കുന്നില്ല.
കേന്ദ്രത്തിൽ കോണ്ഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തിയാലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും സർവകലാശാലാ ഭേദഗതി ബില്ലും മിൽമയുടെ ഭരണം കോണ്ഗ്രസിൽ നിന്നു പിടിച്ചെടുക്കുന്നതിനായി കൊണ്ടുവന്ന സഹകരണ ഭേദഗതി ബില്ലും കോണ്ഗ്രസ് എതിർക്കുന്നതിനാൽ പാസാക്കുന്നത് എളുപ്പമാവില്ലത്രേ.