കേരളവർമയിലെ റീകൗണ്ടിംഗ് ; ഡിസംബർ രണ്ടിന് രണ്ടിലൊന്ന് അറിയാം
Thursday, November 30, 2023 1:56 AM IST
തൃശൂർ: തൃശൂർ ശ്രീ കേരളവർമ കോളജ് യൂണിയനിലേക്കുള്ള ചെയർമാൻ തെരഞ്ഞെടുപ്പിലെ റീകൗണ്ടിംഗ് ഡിസംബർ രണ്ടിന്. രാവിലെ ഒന്പതിനു പ്രിൻസിപ്പലിന്റെ ചേംബറിലാണു വോട്ടെണ്ണൽ. ഇന്നലെ രാവിലെ ചെയർമാൻ സ്ഥാനാർഥികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണു തീയതി നിശ്ചയിച്ചത്.
കോടതിവിധി പ്രകാരം നടപടികൾ സുതാര്യമായി പൂർത്തിയാക്കുമെന്നു പ്രിൻസിപ്പൽ വി.എ. നാരായണൻ പറഞ്ഞു. അസാധു വോട്ടിന്റെ കാര്യത്തിലടക്കം യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരം നടപടിയെടുക്കും. റീകൗണ്ടിംഗ് വീഡിയോയിൽ പകർത്തുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ചെയർമാൻസ്ഥാനത്തേക്ക് എസ്എഫ്ഐ, കെഎസ്യു, എബിവിപി, ഐഐഎസ്എഫ് സംഘടനകളുടെ സ്ഥാനാർഥികളാണു മത്സരിച്ചത്. ഒന്നിനു നടന്ന വോട്ടെടുപ്പിൽ ആദ്യ വോട്ടെണ്ണലിൽ കെഎസ്യു സ്ഥാനാർഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർഥിക്ക് 895 വോട്ടുമാണു ലഭിച്ചത്.
എസ്എഫ്ഐയുടെ ആവശ്യപ്രകാരം വൈകുന്നേരം ആറിന് ആരംഭിച്ച റീ കൗണ്ടിംഗ് രാത്രി പന്ത്രണ്ടിനാണു പൂർത്തിയായത്. 11 വോട്ടിന് എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചെന്നും പ്രഖ്യാപിച്ചു. ഇതിനെതിരേയാണു കെഎസ്യു ചെയർമാൻസ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പു വിവാദമായതോടെ ബാലറ്റ് പേപ്പറുകൾ ആദ്യം കോളജിന്റെ സ്ട്രോംഗ് റൂമിലേക്കും പിന്നീടു ട്രഷറിയിലേക്കും മാറ്റിയിരുന്നു. കോടതി ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ വീണ്ടും കോളജിലേക്കു കൊണ്ടുവന്നു. ഇതു തിരികെ കൊണ്ടുപോയിട്ടില്ല.