സർക്കാർ ഉത്തരവ് ‘കട്ടപ്പുക’; പുതിയ വാഹനങ്ങളുടെ പുകപരിശോധന ഒരു വര്‍ഷം കഴിഞ്ഞു മതിയെന്ന് ഹൈക്കോടതി
Thursday, November 30, 2023 1:56 AM IST
കൊച്ചി: പുതുതായി വാങ്ങുന്ന ബിഎസ്- 4, ബിഎസ്- 6 കാറ്റഗറികളിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വര്‍ഷം കഴിഞ്ഞു മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഈ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കിയാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്.
ആറു മാസത്തിനുശേഷം പുകപരിശോധന നടത്തണമെന്ന ഉത്തരവിനെതിരേ കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്ക് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദിനേഷ് കുമാര്‍ സിംഗാണ് വിധി പറഞ്ഞത്.
ബിഎസ് - 4, ബിഎസ് - 6 കാറ്റഗറികളിലുള്ള പുതിയ വാഹനങ്ങള്‍ക്ക് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഹര്ജിക്കാരന് വാദിച്ചു.
ഇത്തരം വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു പുക പരിശോധന നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 115 ന്റെ സബ് റൂള്‍ ഏഴില്‍ പറയുന്നതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഇതു ശരിവച്ചാണ് ഹൈക്കോടതി സര്‍ക്കാരിന്റെ ഉത്തരവു റദ്ദാക്കിയത്.