വീട്ടുകിണറ്റിൽ വീണ പുള്ളിപ്പുലി രക്ഷിച്ചതിനു പിന്നാലെ ചത്തു
Thursday, November 30, 2023 1:15 AM IST
തലശേരി: പെരിങ്ങത്തൂർ സൗത്ത് അണിയാരത്ത് കിണറ്റിൽ വീണ പുള്ളിപ്പുലി രക്ഷപ്പെടുത്തി കൂട്ടിലാക്കിയതിനു പിന്നാലെ ചത്തു. മയക്കുവെടിവച്ച് ഇന്നലെ വൈകുന്നേരത്തെടെ കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്.
ഇന്നു വയനാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ രാവിലെയാണ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ മലാൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള കനകമല താഴ്വരയിലെ നിർമാണത്തിലിരിക്കുന്ന വീട്ടുകിണറ്റിൽ പുള്ളിപ്പുലി അകപ്പെട്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്സ് സംഘവും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകുന്നേരത്തോടെ പുലിയെ കിണറ്റിൽനിന്നു പുറത്തെത്തിച്ചു. വല ഉപയോഗിച്ച് പാതി ഉയർത്തിയശേഷം മയക്കുവെടിവച്ചാണു പുലിയെ പുറത്തെത്തിച്ചത്. പുലി കിണറ്റിൽ അകപ്പെട്ടത് അറിഞ്ഞതോടെ വൻജനക്കൂട്ടം കാണനെത്തിയത് രക്ഷാപ്രവർത്തനത്തിനു തടസമായി.
ഇന്നലെ പുലർച്ചെ ശബ്ദം കേട്ടതിനെത്തുടർന്ന് അയൽവാസികൾ രാവിലെ പത്തോടെ നടത്തിയ പരിശോധയിലാണ് നിർമാണത്തിലിരിക്കുന്ന കിണറിന്റെ വല കീറിയത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് പുള്ളി പുലിയെ കാണാനായത്. പിന്നീട് വീട്ടുടമസ്ഥനായ സുനിലിനെ വിവരം അറിയിച്ചു. ഇതോടെയാണു പുലി വീണ വിവരം പുറംലോകം അറിയുന്നത്.
പിന്നീട് പുലിയെ കാണാനെത്തുന്നവരുടെ നീണ്ട ഒഴുക്കായിരുന്നു.പോലീസും പാനൂരിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ പുറത്തെത്തിക്കാൻ അവർക്കായില്ല.
തുടർന്ന് മയക്കുവെടി വയ്ക്കാനുള്ള നിർദേശം ലഭിച്ചതോടെ വൈകുന്നേരം നാലോടെ വയനാട്ടിൽനിന്നു വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുളള പ്രത്യേക ദൗത്യസംഘമത്തിയാണു കിണറ്റിലെ വെള്ളംവറ്റിച്ചതിനു ശേഷം മയക്കുവെടിവച്ചത്.
തുടർന്ന് പുറത്തെത്തിച്ച പുലിയെ പ്രത്യേകം തയാറാക്കി എത്തിച്ച കൂട്ടിലേക്കു മാറ്റി ഇന്ന് വയനാട്ടിലേക്കു കൊണ്ടുപോകാനിരിക്കേയാണു ചത്തത്. പുലി എങ്ങനെ ജനവാസ മേഖലയിലെത്തി എന്നതിൽ വ്യക്തതയില്ലെന്നു കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക് പറഞ്ഞു.