ചങ്ങാടം തലകീഴായി മറിഞ്ഞു, ഉദ്ഘാടനയാത്ര വെള്ളത്തിൽ
Thursday, November 30, 2023 1:15 AM IST
ഹരിപ്പാട്: തോടിനു കുറുകെ നാട്ടുകാർ നിർമിച്ച താത്കാലിക ചെറുചെങ്ങാടം ഉദ്ഘാടനം ചെയ്യാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉദ്ഘാടന യാത്രയിൽ വെള്ളത്തിൽ വീണു.
കരുവാറ്റ പഞ്ചായത്തിലെ 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന കന്നുകാലി പാലം ചെമ്പുതോടിന് കുറുകെ നാട്ടുകാർ നിർമിച്ച ചെറു ചങ്ങാടം കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തതിന് ശേഷം മറുകരയിലെത്തി അവിടെയുണ്ടായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പൊന്നമ്മയും കോൺഗ്രസ് നേതാക്കളായ പി. മുകുന്ദൻ, ചാങ്ങലത്ത് ജയദേവൻ എന്നിവരടക്കമുള്ള ആളുകൾ കയറി തിരികെ വരുമ്പോഴായിരുന്നു മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ഇരുകരകളിലെയും താമസക്കാർ ചങ്ങാടം നിര്‍മിച്ചത്. മറുകരയിൽനിന്ന് തിരികെ വരുന്നതിനായി ശ്രമിക്കുമ്പോൾ കല്ലിൽ തട്ടി തെന്നി കീഴ്മേല്‍ മറിയുകയായിരുന്നു. 20 മീറ്റർ മാത്രം വീതിയുള്ള ആഴം കുറഞ്ഞ തോടിന് കുറുകെ കടക്കാൻ നാട്ടുകാർ മുൻകൈയെടുത്ത് നിർമിച്ച താൽക്കാലിക സംവിധാനമായിരുന്നു.
പഞ്ചായത്ത് പണം മുടക്കി നിർമിച്ച ചങ്ങാടമാണെന്നും നിർമാണത്തിലെ അഴിമതിയാണ് അപകടത്തിന് കാരണമെന്നും തെറ്റിദ്ധാരണ പരത്തുന്നതും അവാസ്തവവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതും അപലപനീയമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.