രാഹുല്‍ വയനാട്ടില്‍തന്നെ മത്സരിക്കുമെന്നു താരിഖ് അൻവർ
Thursday, November 30, 2023 1:15 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്നു ജനവിധി തേടുമെന്ന് ഉറപ്പായി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി മണ്ഡലം മാറേണ്ട സാഹചര്യമില്ല. രാഹുലിനു വയനാടും വയനാടിന് രാഹുലും തമ്മില്‍ ഹൃദയബന്ധമാണുള്ളതെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. വയനാട് വിട്ടുപോകാന്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ ഇടതുമുന്നണിക്കുവേണ്ടി സ്ഥിരമായി മത്സരിച്ചുവരുന്നത് സിപിഐ സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കെതിരേ സിപിഐയിലെ പി.പി. സുനീറായിരുന്നു സ്ഥാനാര്‍ഥി. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഇവിടെനിന്ന് ജയിച്ചുകയറിയത്. ഇത്തവണയും വയനാട്ടില്‍നിന്ന് ഈസി വാക്കോവര്‍ ആണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ലക്ഷ്യമിടുന്നത്. ഇന്നലെ കോഴിക്കോട്ട് എത്തിയ രാഹുല്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
വയനാട്ടില്‍ സിപിഐയുടെ സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരേ സിപിഐ രംഗത്തുവന്നിട്ടുണ്ട്. സഖ്യത്തിനു നേതൃത്വം കൊടുക്കുന്ന നേതാവ് തങ്ങളുടെ സീറ്റില്‍ മത്സരിക്കരുതെന്നാണ് സിപിഐ നിലപാട്.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി കഴിഞ്ഞ ദിവസം സിപിഐയുടെ വയനാട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍, രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.