ക്രെഡിറ്റ് പരിധിയേക്കാൾ കൂടുതല് തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു ; ബാങ്ക് നഷ്ടപരിഹാരം നൽകണം
Thursday, November 30, 2023 1:15 AM IST
കൊച്ചി: ക്രെഡിറ്റ് പരിധിയേക്കാൾ കൂടിയ തുക ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ നഷ്ടമായ ഉപയോക്താവിന് ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
മൂവാറ്റുപുഴ പുതുപ്പാടി സ്വദേശി ടി.എം. അലിയാർ എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2020 ഒക്ടോബറിൽ എസ്ബിഐയുടേതിന് സമാനമായ ഫോൺ നമ്പറുകളിൽനിന്ന് കോളുകൾ വരികയും ഒടിപിയും കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോക്താവ് ഷെയർ ചെയ്യുകയും ചെയ്തു. ഇതുമൂലം ഉപയോക്താവിന്റെ അക്കൗണ്ടിൽനിന്ന് 39,507 രൂപ നഷ്ടപ്പെട്ടു.
1.32 ലക്ഷം രൂപ ലിമിറ്റ് ഉണ്ടായിരുന്ന എസ്ബിഐ ക്രെഡിറ്റ് കാർഡിൽ ബാലൻസ് ക്രെഡിറ്റ് 39,000 രൂപയായിരുന്നു. എന്നാൽ തട്ടിപ്പിലൂടെ ഉപയോക്താവിന് 39,507 രൂപ നഷ്ടപ്പെട്ടു.
ക്രെഡിറ്റ് ലിമിറ്റിനേക്കാൾ കൂടുതലായ തുക തട്ടിപ്പിലൂടെ നഷ്ടമായ സാഹചര്യത്തിലാണ് ഉപയോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. കാർഡ് നമ്പറും ഒടിപിയും മൂന്നാം കക്ഷിക്ക് ഷെയർ ചെയ്തത് ഉപയോക്താവിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി, എന്നാൽ ക്രെഡിറ്റ് ലിമിറ്റിലും കൂടുതൽ തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ബാങ്കിന്റെ ഉത്തരവാദിത്വമില്ലായ്മ മൂലമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
നഷ്ടപ്പെട്ട 39507 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 35,000 രൂപയും ഉൾപ്പെടെ 74,507 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസസിനോട് കോടതി ഉത്തരവിട്ടത്.
പരാതിക്കാരനുവേണ്ടി അഡ്വ. ടോം ജോസഫാണു ഹാജരായത്.