ഷവര്‍മ കഴിച്ചയാളുടെ മരണം: ഹോട്ടലുടമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി
Thursday, November 30, 2023 1:15 AM IST
കൊച്ചി: ഷവര്‍മ കഴിച്ചുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തൃക്കാക്കര ലേ ഹയാത്ത് ഹോട്ടല്‍ ഉടമ എം.പി. ഷിഹാദ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഹോട്ടലുകളില്‍നിന്ന് മായം കലര്‍ന്നതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത്, ഇവ ഉപയോഗിക്കുന്നവരുടെ ജീവനുവരെ ഭീഷണിയാണെന്നും ഇത്തരം സംഭവങ്ങള്‍ തടയേണ്ടതുണ്ടെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 18നാണ് രാഹുല്‍ ഒരു ഫുഡ് ഡെലിവറി ആപ് മുഖേന ലേ ഹയാത്തില്‍നിന്ന് ഷവര്‍മ വാങ്ങിയത്. 22ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 25ന് ഇയാള്‍ മരിച്ചു. തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഹോട്ടലുടമയ്ക്കതിരേ കേസെടുത്തത്.
എന്നാല്‍ രാഹുലിനല്ലാതെ മറ്റാര്‍ക്കും ഷവര്‍മ കഴിച്ച് പ്രശ്നങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് ഹര്ജിക്കാരന് വാദിച്ചു. രണ്ടു മണിക്കൂറിനകം ഭക്ഷണം കഴിച്ചിരിക്കണമെന്ന് ബില്ലില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതു പാലിക്കാത്തതിനെത്തുടര്‍ന്ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കുമേല്‍ ചുമത്താനാവില്ലെന്നും വാദിച്ചു.
എന്നാല്‍ ഫുഡ് ഡെലിവറി ആപ്പില്‍നിന്ന് വാങ്ങിയ രാഹുലിനു പുറമേ, ഹോട്ടലില്‍നിന്ന് നേരിട്ട് ഭക്ഷണം വാങ്ങി കഴിച്ചവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.
ആ നിലയ്ക്ക് നിശ്ചിത സമയം കഴിഞ്ഞാണ് ഭക്ഷണം കഴിച്ചതെന്ന വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.