5,350 കോടിയുടെ കുടിശിക കണക്കുമായി കേരളം
Thursday, November 30, 2023 1:15 AM IST
തിരുവനന്തപുരം: ഉദ്യോഗസ്ഥ അനാസ്ഥയെ തുടർന്ന് കാലാവധി പിന്നിട്ടശേഷം കേന്ദ്രത്തിനു സമർപ്പിച്ച ഗ്രാമവികസന ഗ്രാന്റും യുജിസി ശന്പള പരിഷ്കരണ കുടിശികയും ഉൾപ്പെടെയുള്ള 5,350 കോടിയുടെ കേന്ദ്ര കുടിശികയുടെ കണക്കു തയാറാക്കി കേരളം.
കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ടു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്പോര് തുടരുന്നതിനിടെയാണ് കേന്ദ്ര ഫണ്ടിനായി കേരളം സമയത്തു കണക്കു സമർപ്പിക്കാത്തതും കേന്ദ്ര മാനദണ്ഡങ്ങൾക്കു വിരുദ്ധമായി സമർപ്പിക്കുന്നതും ഉൾപ്പെടെയുള്ളവ ചർച്ചയാകുന്നത്.
ഗ്രാമ വികസന ഗ്രാന്റായി കേരളത്തിന് 1,260 കോടി രൂപയുടെ കുടിശികയുണ്ട്. ഇതുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു തദ്ദേശ വകുപ്പു സമർപ്പിക്കേണ്ട രേഖകൾ വൈകിയതാണ് ഗ്രാന്റ് ലഭിക്കാതിരിക്കാൻ പ്രധാന കാരണമെന്നാണ് ആക്ഷേപം.
ഇതോടൊപ്പം 750 കോടിയുടെ യുജിസി ശന്പള പരിഷ്കരണത്തിനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാരിന് ഗരുതര വീഴ്ചയുണ്ടായി. ഇവ രണ്ടും ഉൾപ്പെടുത്തി 5,350 കോടിയുടെ കുടിശിക കേരളത്തിനു കേന്ദ്രം നൽകാനുണ്ടെന്നാണു സംസ്ഥാനം പറയുന്നത്.
നഗര വികസന ഗ്രാന്റ് ഇനത്തിൽ 200 കോടിയും ഭക്ഷ്യ സുരക്ഷ, നെല്ല് സംഭരണം എന്നീ ഇനങ്ങളിലായി 790 കോടിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 138 കോടിയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള 69 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിനായി 1,925 കോടിയും ആരോഗ്യ മേഖലയ്ക്കുള്ള 220 കോടിയും ഉൾപ്പെടെ 5,350 കോടിയോളം രൂപയുടെ കുടിശിക കേന്ദ്രം തരാനുണ്ടെന്നാണു കേരളം പറയുന്നത്.
കേന്ദ്രം നിഷ്കർഷിച്ച വ്യവസ്ഥകൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൊണ്ടാണ് യുജിസി കുടിശിക ഇനത്തിലുള്ള 750.93 കോടി രൂപ നഷ്ടമായത്. സമയപരിധി 2022 മാർച്ച് 31ന് തീർന്നതിനാൽ ഇത് ഇനി ലഭിക്കാൻ സാധ്യത കുറവാണെന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞിരുന്നു.
39 മാസത്തെ ശന്പള കുടിശിക കണക്കിൽ അപാകതയുണ്ടെന്ന് കേന്ദ്രം പറയുന്പോൾ അനാവശ്യ തടസവാദങ്ങളുയർത്തി കേന്ദ്രം പ്രതിരോധിക്കുകയാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഏഴാം ശന്പള കമ്മീഷൻ നടപ്പാക്കിയ ശന്പള പരിഷ്കരണ കുടിശികയെ ചൊല്ലിയാണ് തർക്കം.
സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ത്രിശങ്കുവിലായത്. 2016 ജനുവരി മുതൽ 2019 മാർച്ച് വരെ 39 മാസത്തെ അരിയർ തുക 1,500 കോടി വരും. ഇതിൽ 750 കോടിയാണ് കേന്ദ്രവിഹിതം.