എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്വാശ്രയ കോഴ്സ്: പ്രത്യേകം കണക്ഷൻ എടുക്കണമെന്ന് കെഎസ്ഇബി
Thursday, November 30, 2023 1:15 AM IST
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വാശ്രയ കോഴ്സുകൾ നടത്തുന്നുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ബിൽഡിംഗിന് പ്രത്യേകം വൈദ്യുതി കണക്ഷൻ എടുക്കണമെന്ന് കെഎസ്ഇബി.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്പസിൽ പ്രവർത്തിക്കുന്ന ബിൽഡിംഗിൽ തന്നെയാണ് കോഴ്സുകൾ നടത്തുന്നതെങ്കിലും, ഒരു ഫ്ളോറിലാണെങ്കിൽ പോലും പ്രത്യേക കണക്ഷനും പ്രത്യേക താരിഫും ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബിയുടെ ഉത്തരവ്.
റെഗുലേറ്ററി കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തരത്തിൽ എയ്ഡഡ് സ്ഥാപനങ്ങളിലേതിൽ നിന്നു വ്യത്യസ്തമായ വൈദ്യുതി നിരക്കും ഫിക്സഡ് ചാർജുമായിരിക്കും ഇത്തരത്തിൽ സ്വാശ്രയ കോഴ്സുകൾ നടക്കുന്ന ബിൽഡിംഗിന് ഏർപ്പെടുത്തുക.
എയ്ഡഡ് മേഖലയിലേതിനെക്കാൾ കൂടുതലാണ് സ്വാശ്രയമേഖലയിലെ നിലവിലെ വൈദ്യുതി നിരക്ക്. ഇവ രണ്ടും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്പോൾ എങ്ങനെ നിരക്ക് കണക്കാക്കുമെന്നതിൽ കെഎസ്ഇബിക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായാണ് ഇത്തരത്തിൽ പുതിയ കണക്ഷൻ ഏർപ്പെടുത്താൻ റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചത്.
ഇത്തരത്തിൽ എയ്ഡഡ് സ്ഥാപനങ്ങൾ സ്വാശ്രയ കോഴ്സുകൾ നടത്തുന്നുണ്ടെങ്കിൽ അവയ്ക്ക് കെഎസ്ഇബി ഉടൻ നോട്ടീസ് നൽകും. ആദ്യഘട്ടത്തിൽ സ്വാശ്രയ കോഴ്സുകൾ പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകും. ഇതിനു ശേഷം പരിശോധനയടക്കമുള്ള നടപടികളിലേക്കു കടക്കും.
ഒരു കെട്ടിടത്തിലെ ഏതാനും മുറികളിലാണ് സ്വാശ്രയ കോഴ്സുകൾ പ്രവർത്തിക്കുന്നതെങ്കിൽപ്പോലും അവയ്ക്കായി പ്രത്യേകം കണക്ഷൻ എടുക്കേണ്ടി വരും. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയരുകയാണെങ്കിൽ അത് പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിലപാട്.
ഒരു കണക്ഷനിൽ രണ്ടുനിരക്ക് ബാധകമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കണമെന്നാണ് ചട്ടം. അങ്ങനെയായാൽ സ്വാശ്രയ കോഴ്സുകൾ നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളുടെ വൈദ്യുതി ചാർജിൽ വലിയ വർധവുണ്ടാകും. ഇതൊഴിവാക്കാനാണ് കണക്ഷൻ വേർതിരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നത്.