അവരേറെയും കാണാമറയത്ത്
Wednesday, November 29, 2023 2:02 AM IST
റെജി ജോസഫ്
കോട്ടയം: കേരള മനസില്‍ ഇന്നുമൊരു നോമ്പരവും വിങ്ങലുമാണ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുലിന്റെ തിരോധാനം. രാഹുല്‍ കാണാമറയത്ത് മറഞ്ഞിട്ട് 18 വര്‍ഷമായിരിക്കുന്നു.
വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന് അപ്രത്യക്ഷനായി. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചു ഫയല്‍ മടക്കി. രാഹുല്‍ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്നാര്‍ക്കും അറിയില്ല. ജീവനോടെയുണ്ടെങ്കില്‍ അവന് 28 വയസുണ്ടാകും. മനസും ശരീരവും നുറുങ്ങിക്കഴിഞ്ഞ അവന്റെ അച്ഛന് അടുത്തയിടെ ജീവനൊടുക്കി. അമ്മയും സഹോദരിയും ഇന്നും വഴിക്കണ്ണുമായി കാത്തിരിക്കുന്നു.
രാഹുലിനെപ്പോലെ എല്ലാ ജില്ലകളിലുമുണ്ട് ഭീതികരമായ സംഭവങ്ങള്‍. ഒളിച്ചോടുന്ന കുട്ടികള്‍ ഏറെപ്പേരും തിരികെവരാറുണ്ട്. എന്നാല്‍ അപഹരിക്കപ്പെടുന്നവരില് തിരികെ കിട്ടുന്നവരുടെ എണ്ണം വിരലിലെണ്ണാന്‍ മാത്രം. കാണാമറയത്താകുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നു.
പിള്ളാരെപ്പിടിത്തക്കാര് എന്നത് കാലഹരണപ്പെട്ട ഭാഷയാണ്. അധോലോക മാഫിയ എന്നതാണ് ഇക്കാലത്തെ പദം. ഭിക്ഷാടനമാഫിയ, മനുഷ്യക്കടത്തു സംഘങ്ങള്‍, തീവ്രവാദിസംഘടനകള്‍ തുടങ്ങി കുട്ടികളെ റാഞ്ചാനിറങ്ങിയവര് ഏറെയാണ്. ഓടിച്ചിട്ടും പൊടിയെറിഞ്ഞും ലഹരികൊടുത്തുമുള്ള അപഹരണം മാത്രമല്ല ഇക്കാലത്ത്. പ്രണയം നടിച്ചു വശപ്പെടുത്തി ലൈംഗികചൂഷണത്തിനും അടുത്ത ഘട്ടമായി മതതീവ്രവാദത്തിനും അവസാനം വേശ്യാവൃത്തിക്കും ഇരയാക്കപ്പെടുന്ന കുട്ടികളുടെ ദുര്‍ഗതി അതിഭയാനകമാണ്.
ഇത്തരത്തില്‍ പ്രണയവലയിലായി ഒളിച്ചുപോയ പല പെണ്‍കുട്ടികളെയും കുറിച്ച് ഒരു വിവരവുമില്ല. കേരളത്തെക്കാള്‍ ഭയാനകമാണ് കാണാതാകുന്ന കുട്ടികളുടെ ദേശീയകണക്ക്. ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കനുസരിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ അഞ്ചു ലക്ഷം കുട്ടികളെ രാജ്യത്ത് കാണാതായിട്ടുണ്ട്. ഇന്ത്യയില്‍ അപ്രത്യക്ഷരാകുന്നവരില്‍ 55 ശതമാനവും പെണ്‍കുട്ടികളാണെന്നും ഇവരില്‍ പകുതിയോളം പേരെക്കുറിച്ച് തെളിവുകളുടെ തരിമ്പു പോലും അവശേഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറുന്നു.
ദാരിദ്ര്യം, അനാഥത്വം, പരീക്ഷാഭയം, തോല്‍വി, പ്രണയം എന്നിവയൊക്കെ ഒളിച്ചുപോകലിന്റെ കാരണങ്ങളാണ്. എന്നാല്‍ സെക്സ് റാക്കറ്റുകളും ഭിക്ഷാടന മാഫിയയും കുഞ്ഞിരകളെത്തേടി വിളിപ്പാടകലെയുണ്ട്. കുട്ടികളെ വിട്ടുകിട്ടാന്‍ ലക്ഷങ്ങള്‍ വിലപേശുന്ന സംഭവങ്ങള്‍ ഇക്കാലത്തുമുണ്ട്.
അവയവ കച്ചവടം, മരുന്നുപരീക്ഷണം എന്നിവയ്ക്കും കുട്ടികള്‍ ഇരയാക്കപ്പെടുന്നു. ഒളിച്ചോടുന്നവര്‍ കൂടുതലും എത്തിപ്പെടുന്നത് സെക്സ് റാക്കറ്റുകളുടെയോ മനുഷ്യക്കടത്തുകാരുടെയോ കരങ്ങളിലാണ്. ഇവരില്‍ പലരും കൊല്ലപ്പെടുന്നതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ വിലയിരുത്തുന്നു.
കുട്ടികളെ അംഗഭംഗം വരുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന മാഫിയ എക്കാലത്തുമുണ്ട്. ആന്ധ്ര, തമിഴ്നാട്, മുംബൈ, ഡല്‍ഹി തുടങ്ങി ദേശീയതലത്തില്‍ കണ്ണികളുള്ള ഭിക്ഷാടക മാഫിയ ഒട്ടേറെ കഞ്ഞുങ്ങളെ കേരളത്തില്‍നിന്ന് മോഷ്ടിച്ചുകൊണ്ടുപോയിട്ടുണ്ട്.
തെരുവില്‍ അലയുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങളെ ഇക്കൂട്ടര്‍ അപഹരിച്ച സംഭവങ്ങളും പലതാണ്. കുട്ടികളെ റാഞ്ചിയെടുത്ത് വൃക്ക അടക്കമുള്ള അവയവങ്ങള്‍ എടുത്തശേഷം ഉപേക്ഷിക്കുന്നതും അസാധാരണമല്ല. വര്‍ധിച്ചുവരുന്ന സെക്സ് ടൂറിസവും കുട്ടികളുടെ തിരോധാനത്തില്‍ വലിയ പങ്ക് വഹിക്കുന്നു.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നെഞ്ചില്‍ തീയിട്ടുകൊണ്ടാണ് ഓരോ അപ്രത്യക്ഷമാകലും. നിസാര കാര്യങ്ങള്‍ക്കുപോലും മാതാപിതാക്കളോടു വഴക്കിട്ടു വീടുവിട്ടിറങ്ങുന്ന കുട്ടികളുണ്ട്.
ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ എത്തിപ്പെടുന്ന ഇവരെ റാഞ്ചാന്‍ അധോലോകസംഘങ്ങള്‍ കാത്തിരിപ്പുണ്ടാകും. ബാലവേലയ്ക്കോ അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനോ ഇവരെ ഉപയോഗിക്കുന്നു.
നവമാധ്യമങ്ങള്‍ ഇക്കാലത്ത് കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. പെണ്‍കുട്ടികളാണ് ഇങ്ങനെ പ്രണയക്കുരുക്കില്‍ വീണ് ചതിക്കപ്പെടുന്നത്.
2016 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 1341 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കൊല്ലം ഇതുവരെ 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലാം തട്ടിക്കൊണ്ടു പോകല്‍ കേസുകളാണ്. ഇതിനു പുറമെയാണ് കുട്ടികളെ കാണാതാകുന്ന കേസുകള്‍.
2016 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ കുട്ടികളും മുതിര്‍ന്ന സ്ത്രീ-പുരുഷന്മാരും ഉള്‍പ്പെടെ 63,176 പേരെ കാണാതായതായാണ് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കണക്ക്. ഇതില്‍ ഭൂരിഭാഗം പേരെയും പിന്നീട് പല കാലയളവുകളിലായി കണ്ടെത്തി. എന്നാല്‍ ഇനിയും കണ്ടെത്താന്‍ കഴിയാതെ കാണാമറയത്ത് കഴിയുന്ന ഒരുപാട് പേരുണ്ടെന്ന് പോലീസ് പറയുന്നു.